സ്‌പോർട്‌സ് അതോറിറ്റിയിൽ റെയ്ഡ്;  നാലു പേർ അറസ്റ്റിൽ

ന്യൂദൽഹി- സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യാ ഡയറക്ടർ അടക്കം നാല് ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇവർക്ക് പുറമെ രണ്ടു പേർ കൂടി സി.ബി.ഐ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് ദൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന സായ് ഓഫീസിൽ സി.ബി.ഐ സംഘമെത്തിയത്. സായിയുടെ ഗതാഗത വിഭാഗവുമായി ബന്ധപ്പെട്ട അഴിമതിയെ സംബന്ധിച്ചുള്ള പരാതിയിലാണ് സി.ബി.ഐ നടപടി. കരാർ ഏറ്റെടുക്കുന്നതിലും മറ്റും ചില ഉദ്യോഗസ്ഥർ അഴിമതി കാണിച്ചുവെന്നായിരുന്നു പരാതി. സായ് ഡയറക്ടർ വി.കെ ശർമ, സ്വകാര്യ കോൺട്രാക്ടർ മൻദീപ് അഹൂജ, തൊഴിലാളി യൂനുസ് എന്നിവരുടെ പേരാണ് ഇപ്പോൾ പുറത്തുവിട്ടത്. ആറുമാസം മുമ്പാണ് സായിയെ സംബന്ധിച്ച് പരാതി ഉയർന്നത്. സായിയിൽ ഒരു തരത്തിലുള്ള അഴിമതിയും അനുവദിക്കില്ലെന്നും അഴിമതിക്കെതിരായ മുഴുവൻ നടപടികളെയും സ്വാഗതം ചെയ്യുന്നതായും സായ് മേധാവി നീലം കപൂർ പറഞ്ഞു. രാത്രി വൈകിയും റെയ്ഡ് തുടരുകയാണ്.
 

Latest News