തൊടുപുഴ- വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിക്കും വധശിക്ഷ. പീരുമേട് വള്ളോംപറമ്പില്‍ മോളി (55), മകള്‍ നീനു (22) എന്നിവരെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലാണ് പെരുവേലിപ്പറമ്പില്‍ ജോമോനെ (32) തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.കെ.സുജാത വധശിക്ഷയ്ക്ക് വിധിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഒന്നാം പ്രതി വണ്ടിപ്പെരിയാര്‍ ചുരക്കുളം പുതുവല്‍ തടത്തില്‍ രാജേന്ദ്രനെ (54) തൊടുപുഴ രണ്ടാം അഡീ. സെഷന്‍സ് ജഡ്ജി 2012 ജൂണ്‍ 20ന് വധശിക്ഷക്ക് വിധിച്ചിരുന്നു.
2007 ഡിസംബര്‍ രണ്ടിനാണ് കേസിനാസ്പദ സംഭവം. പാറമട തൊഴിലാളിയായ രാജേന്ദ്രനും കുടുംബവും നേരത്തെ വണ്ടിപ്പെരിയാര്‍ 57-ാം മൈലിലായിരുന്നു താമസിച്ചിരുന്നത്. രാജേന്ദ്രന്‍ സുഹൃത്തായ ജോമോനെയും കൂട്ടി മോളിയുടെ വീട്ടിലെത്തി കതകില്‍ തട്ടി നീനുവിന്റെ സഹോദരന്‍ ബിനുവിനെ പേരെടുത്ത് വിളിച്ചു. ബിനു സ്ഥലത്തില്ലെന്ന് നീനു മറുപടി പറഞ്ഞിട്ടും കതക് തുറക്കാന്‍ ആവശ്യപ്പെട്ടു. നീനു അതിന് തയാറാകാതിരുന്നതിനെത്തുടര്‍ന്ന് വീടിനു പുറത്തുണ്ടായിരുന്ന അമ്മിക്കല്ലുപയോഗിച്ച് ഇരുവരും ചേര്‍ന്ന് വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കയറി. തോര്‍ത്ത് കഴുത്തില്‍ കുരുക്കി നീനുവിനെ കീഴ്പ്പെടുത്തി രാജേന്ദ്രന്‍ മാനഭംഗപ്പെടുത്തി. ഇതോടെ നീനു ബോധരഹിതയായി വീണു. അസുഖം ബാധിച്ച് കിടക്കുകയായിരുന്ന മോളിയെ ജോമോനും മാനഭംഗപ്പെടുത്തി. ബഹളമുണ്ടാക്കിയ മോളിയെ പ്രതികള്‍ കമ്പിവടിക്കടിച്ചും ചവിട്ടി വാരിയെല്ല് തകര്‍ത്തും മൃതപ്രായയാക്കി. അമ്മയുടെ കരച്ചില്‍ കേട്ട് ബോധമുണര്‍ന്ന നീനു കമ്പിവടിയുമായി രാജേന്ദ്രനെ നേരിടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വടി പിടിച്ചുവാങ്ങി നീനുവിനെ ആക്രമിച്ചു. ഇതോടെ നീനു അവശയായി വീണു. പിന്നീട് ഇരുവരും ചേര്‍ന്ന് അമ്മയേയും മകളേയും വെട്ടിയും അടിച്ചും കൊല്ലുകയായിരുന്നു. ഇതിനു ശേഷവും പ്രതികള്‍ ഇരുവരെയും മാനഭംഗത്തിന് വിധേയരാക്കി.
സംഭവം നടക്കുമ്പോള്‍ ജോലിയുമായി ബന്ധപ്പെട്ട് നീനുവിന്റെ ഭര്‍ത്താവ് കോയമ്പത്തൂരിലും സഹോദരന്‍ എറണാകുളത്തുമായിരുന്നു. സംഭവസമയത്ത് സ്ത്രീകളെക്കൂടാതെ നീനുവിന്റെ എട്ടു മാസം പ്രായമായ കുഞ്ഞ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞ് പിറ്റേന്ന് വൈകിട്ട് ആറോടെ ഇഴഞ്ഞ് വീടിനു മുന്നിലെത്തി വിശന്ന് കരഞ്ഞപ്പോഴാണ് അയല്‍വാസികള്‍ വിവരമറിയുന്നത്. തുടര്‍ന്ന് അവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവം നടന്ന് മൂന്നു മാസത്തിനു ശേഷം തേക്കടിക്കു സമീപം വെയിറ്റിംഗ് ഷെഡില്‍ ഭിക്ഷാടകയായ സ്ത്രീയും സമാന സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ രാജേന്ദ്രന്‍ അറസ്റ്റിലാവുകയും പോലീസിന്റെ ചോദ്യം ചെയ്യലില്‍ അമ്മയും മകളും കൊല്ലപ്പെട്ട കേസിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുകയുമായിരുന്നു. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളാണ് പ്രോസിക്യൂഷന്‍ നിരത്തിയത്. ഒന്നാം പ്രതി രാജേന്ദ്രന്റെ അപ്പീല്‍ ഹൈക്കോടതി 2018 ഒക്ടോബര്‍ 30 ന് തള്ളിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഇ.എ.റഹീം കോടതിയില്‍ ഹാജരായി.