ന്യൂദല്‍ഹി- മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സി.ബി.ഐ. ഉദ്യോഗസ്ഥരുടെ സേവന കാലാവധി വെട്ടിക്കുറച്ചു. ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സി.ബി.ഐയിലെ തര്‍ക്കത്തെ തുടര്‍ന്ന് അലോക് വര്‍മയോടൊപ്പം അസ്താനക്കും നിര്‍ബന്ധിത അവധി നല്‍കിയിരുന്നു.
രാകേഷ് അസ്താനക്കു പുറമെ, ജോയിന്റ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ശര്‍മ, ഡി.ഐ.ജി. മനീഷ് കുമാര്‍ സിന്‍ഹ, എസ്.പി. ജയന്ത് ജെ. നായ്ക്ക്‌നവാരെ എന്നിവരുടെ സര്‍വീസ് കാലാവധിയാണ് വെട്ടിക്കുറച്ചത്. സി.ബി.ഐ. ഡയറക്ടറായിരുന്ന അലോക് വര്‍മയെ മാറ്റിയതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള നാല് ഉദ്യോഗസ്ഥരുടെ കാലാവധി കുറച്ചിരിക്കുന്നത്.
അലോക് വര്‍മയെ ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറലായി നിയമിച്ചെങ്കിലും അദ്ദേഹം സ്ഥാനം ഏറ്റെടുക്കാതെ സര്‍വീസില്‍നിന്ന് രാജിവെക്കുകയായിരുന്നു.