ബംഗളൂരു- ദൽഹിയിലെ ആഡംബര ഹോട്ടലിലെ വാസം മതിയാക്കി ബംഗളുരുവിൽ തിരിച്ചെത്തിയ ബി.ജെ.പി എം.എൽ.എ മാരോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ കോൺഗ്രസ്. സുഖവാസം കഴിഞ്ഞെങ്കിൽ, അവതാളത്തിൽ കിടക്കുന്ന മണ്ഡലങ്ങളിലെ ജോലി തുടങ്ങണമെന്നാണ് ' ഓപ്പറേഷൻ താമര' യെ പരിഹസിച്ചു കൊണ്ട് കർണാടക കെ.പി.സി.സി. അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു ട്വീറ്റ് ചെയ്തു.
'ദൽഹിയിലെ ആഡംബര ഹോട്ടലിൽ സുഖവാസം പൂർത്തിയാക്കി എത്തിയ എല്ലാ ബി.ജെ.പി. എം.എൽ.എമാർക്കും ഹാർദ്ദവമായ സ്വാഗതം. കാലങ്ങളായി എത്തി നോക്കാത്ത മണ്ഡലങ്ങളിലെ പണികൾ വേഗം ചെയ്തു തീർക്കാനുള്ള പുത്തൻ ഉണർവ് നിങ്ങൾക്ക് കൈവന്നു കാണുമെന്ന് കരുതുന്നു.'
ഒരുദിവസം 30,000 രൂപ വാടകയുള്ള ആഡംബര ഹോട്ടലിലാണ് ബി.ജെ.പിയുടെ 104 എം.എൽ.എ മാരും തങ്ങിയിരുന്നത്. ഇവരുടെ നേതാവ് മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ഇന്ന് രാവിലെ ബംഗളുരുവിൽ തിരിച്ചെത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനാണ് റിസോർട്ടിൽ തങ്ങിയതെന്നായിരുന്നു യെഡിയൂരപ്പയുടെ വാദം. ഗവൺമെന്റിൽ പ്രതിസന്ധിയുണ്ടാകാൻ കാരണം, കോൺഗ്രസിനുള്ളിലുള്ള മത്സരമാണെന്ന് യെഡിയൂരപ്പ ആരോപിച്ചു
മുംബൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കുന്ന അഞ്ച് കോൺഗ്രസ് വിമതർക്ക് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നേരിട്ട് വിളിച്ച് മന്ത്രി സ്ഥാനം വാഗ്ദാനം നൽകിയതോടെയാണ് ഓപ്പറേഷൻ താമര പൊളിഞ്ഞത്. കോൺഗ്രസിലെയും ദളിലെയും എം.എൽ.എ മാരെ വീഴ്ത്താൻ 60 കോടി വീതമാണ് വാഗ്ദാനം ചെയ്തതെന്നാണ് സൂചന. ഏതു വിധേനയും സർക്കാരിനെ നിലനിർത്തുക എന്ന ലക്ഷ്യവുമായി 'സേവ് കർണാടക' എന്ന ബദൽ ചെറുത്തുനിൽപാണ് കോൺഗ്രസ് നടത്തിയത്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് അണിയറ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്.