Sorry, you need to enable JavaScript to visit this website.

ബാബാ രാം റഹീമിന് ജീവപര്യന്തം

ന്യൂദല്‍ഹി- മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ വിവാദ ദിവ്യന്‍ ഗുര്‍മിത് രാം റഹീമിന് ജീവപര്യന്തം. ഗുര്‍മീതിന് പുറമേ സഹായികളായ കുല്‍ദീപ് സിംഗിനും നിര്‍മല്‍ സിംഗിനും പാഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

ജനുവരി 11 ന് കേസില്‍ വിവാദ ദിവ്യന്‍ ഗുര്‍മീത് രാം റഹീം ഉള്‍പ്പെടെ നാലു പേര്‍ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയിരുന്നു.സിര്‍സയിലെ ദേരാ ആസ്ഥാനത്ത് ഗുര്‍മീത് രാം റഹീം സ്ത്രീകളെ ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് 2002 ല്‍ ഛത്രപതിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പൂരാ സച്ച് എന്ന പത്രം അജ്ഞാത കത്ത് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നണ് അദ്ദേഹത്തെ വെടിവെച്ചു കൊന്നത്. വെടിയേറ്റ പത്രപ്രവര്‍ത്തകന്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. 2003 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് 2006 ല്‍ സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

ദിവ്യന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന പാഞ്ച്കുലയിലും ഹരിയാനയില്‍ മൊത്തത്തിലും സുരക്ഷ ശക്തമാക്കിയ ശേഷമാണ് ഗുര്‍മീതിനെതിരായ കേസ് കോടതി പരിഗണിച്ചത്. ഗുര്‍മീതിന്റെ അനുയായികള്‍ അക്രമം അഴിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകളുള്ളതിനാല്‍ സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. 2000 സുരക്ഷാ സൈനികരെയാണ് വിന്യസിച്ചിരുന്നത്. ഫിറോസ്പൂര്‍ മേഖലയില്‍ പഞ്ചാബ് പോലീസും സുരക്ഷ ശക്തമാക്കിയിരുന്നു.

2017 ല്‍ ലൈംഗിക കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിച്ചപ്പോള്‍ അനുയായികള്‍ ആക്രമണം നടത്തിയിരുന്നു. രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ദിവ്യന്‍ ഇപ്പോള്‍ റോത്തക്ക് ജയിലില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്.

Latest News