കോഴിക്കോട്- താനൊരു ദൈവ വിശ്വസിയാണെന്നും തന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയപ്പോള്‍ ആഘോഷിച്ചവര്‍ക്ക് ദൈവം പുനരാലോചനക്കുള്ള സമയം നല്‍കിയിരിക്കയാണെന്നും മുസ്ലിം ലീഗ് നേതാവും അഴിക്കോട് എം.എല്‍.എയുമായ കെ.എം. ഷാജി പ്രതികരിച്ചു.
കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാസങ്ങള്‍ക്ക് മുമ്പ് കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കിയപ്പോള്‍ ആഘോഷിച്ച ഇടതു മുന്നണിക്കും സര്‍ക്കാരിനും കിട്ടിയ അപ്രതീക്ഷിത അടിയാണ് ഇപ്പോഴത്തേത്. കെ.എം. ഷാജി ചെയ്തതു പോലെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനാണ് കാരാട്ട് റസാഖിന്റേയും തീരുമാനം.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം.എ റസാഖിനെതിരെ 2006ല്‍ നിലവിലുണ്ടായിരുന്ന തട്ടിപ്പ് കേസ് പൊടി തട്ടിയെടുത്ത് നടത്തിയ പ്രചാരണമാണ് ഇടതുമുന്നണിക്ക് തിരിച്ചടിയായത്. തന്റെ 20,000 രൂപ അന്ന് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായിരുന്ന എം.എ റസാഖ് തട്ടിയെടുത്തു എന്നാരോപിച്ചാണ് പരാതിക്കാരന്‍ പോലീസിനെ സമീപിച്ചിരുന്നത്. പിന്നീട് കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഒത്തുതീര്‍പ്പായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഈ പരാതിക്കാരനെ കണ്ടെത്തി ഇടതുമുന്നണി പ്രവര്‍ത്തകര്‍ കരാട്ട് റസാഖ് തട്ടിപ്പുകാരനാണെന്ന് ഇയാളെ കൊണ്ട് പറയിപ്പിക്കുകയും അതിന്റെ വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.