ന്യൂദൽഹി- ജമ്മു-ദൽഹി തുരന്തോ എക്സ്പ്രസ്സിൽ ആയുധധാരികളുടെ സംഘം ഇരച്ചു കയറി യാത്രക്കാരെ കൊള്ളയടിച്ചു. ഇന്ന് പുലർച്ചെ, 3.30 നാണ് സംഭവം. ജമ്മുവിൽ നിന്ന് ദൽഹിലേക്ക് വരികയായിരുന്ന ട്രെയിൻ ദൽഹിയുടെ പ്രാന്തപ്രദേശമായ ബദ്‌ലിയിൽ സിഗ്‌നൽ കാത്തു കിടക്കുമ്പോഴായിരുന്നു ആയുധധാരികൾ ട്രെയിനിൽ കയറിയത്. രണ്ട് ഏ സി കോച്ചുകളിൽ കയറിയ കൊള്ളക്കാർ കത്തിമുനയിൽ യാത്രക്കാരെ നിർത്തിയാണ് കൊള്ള നടത്തിയത്.
സ്വർണം, പണം, മൊബൈൽ ഫോണുകൾ തുടങ്ങിയവ സംഘം യാത്രക്കാരിൽ നിന്നും അപഹരിച്ചു.
പത്തോളം പേരാണ് രണ്ടു കൊച്ചുകളിലുമായി കയറിയത്. യാത്രക്കാരെ വിളിച്ചുണർത്തി ബാഗുകളും വിലപിടിപ്പുള്ള മറ്റ് സാധങ്ങളും കൈമാറാൻ ആവശ്യപ്പെടുകയായിരുന്നുവെന്നു റയിൽവേക്ക് ഒരു യാത്രക്കാരൻ നൽകിയ പരാതിയിൽ പറയുന്നു.
കാൽ മണിക്കൂറോളം യാത്രക്കാർ കത്തിമുനയിൽ നിന്നെങ്കിലും ട്രെയിനിലെ ജീവനക്കാരോ സുരക്ഷാ ഉദ്യോഗസ്ഥരോ തിരിഞ്ഞു നോക്കിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിനിടെ ടി ടി യെയും സുരക്ഷാ ഗാർഡിനെയും തെരഞ്ഞു നോക്കിയെങ്കിലും കൊള്ളക്കാർ രക്ഷപ്പെട്ടതിന് ശേഷമാണ് ഇരുവരും എത്തിയത്.
സംഭവത്തിന് ശേഷം റയിൽവേ രക്ഷാ സേന കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.