ന്യൂദല്‍ഹി- ആലപ്പാട് കരിമണല്‍ ഖനനത്തില്‍ സ്വമേധയാ കേസെടുത്ത ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊല്ലം ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി.
ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു റിപ്പോര്‍ട്ട് തേടിയത്. കരിമണല്‍ ഖനനത്തെക്കുറിച്ചു വിലപിക്കുന്ന 17 വയസുകാരിയുടെ വീഡിയോ ദൃശ്യത്തെക്കുറിച്ചുള്ള വാര്‍ത്താണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ ശ്രദ്ധയില്‍പെട്ടത്. പൊതുമേഖല സ്ഥാപനങ്ങളായ ഐ.ആര്‍.ഇ.എല്ലും കെ.എം.ആര്‍.എല്ലും നടത്തുന്ന കരിമണല്‍ ഖനനതില്‍ ഒരു ഗ്രാമം തന്നെ അപ്രത്യക്ഷമാകുന്നതിന്റെ വേദനയാണ് പെണ്‍കുട്ടി വീഡിയോയില്‍ പങ്ക് വെച്ചത്.
ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് നടപടിയെടുത്തത്. സംസ്ഥാന മലിനീകരണ ബോര്‍ഡിനാണോ കൊല്ലം ജില്ലാ കലക്ടര്‍ക്കാണോ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കേണ്ടത് എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് കൊല്ലം ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടാന്‍ ജസ്റ്റിസ് ഗോയലിന്റെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ എസ്.പി വാംഗ്ഡി, കെ. രാമകൃഷ്ണന്‍, വിദഗ്ധ അംഗം നാഗിന്‍ ഡന്‍ഡ എന്നിവരുള്‍പ്പെട്ട ബെഞ്ച് തീരുമാനം എടുത്തത്.