Sorry, you need to enable JavaScript to visit this website.

വനിതകളെയും ഭിന്നശേഷിക്കാരെയും  നിയമിക്കുന്നവർക്ക് അധിക ധനസഹായം

റിയാദ് - വനിതകളെയും ഭിന്നശേഷിക്കാരെയും ജോലിക്കു വെക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് അധിക ധനസഹായം. 
സൗദിവൽക്കരണം നടപ്പാക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതി വ്യവസ്ഥകളിലാണ് ഇക്കാര്യമുള്ളത്. ധനസഹായ പദ്ധതി ആരംഭിച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി ചൊവ്വാഴ്ച അറിയിച്ചിരുന്നു. 
സൗദി ജീവനക്കാരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്ക് 36 മാസം വരെയാണ് ധനസഹായം നൽകുക. പദ്ധതി പ്രകാരം ചെലവഴിക്കുന്ന തുകയുടെ 70 ശതമാനം സ്വദേശികളെ ജോലിക്കു വെക്കുന്നതിനും 30 ശതമാനം സൗദികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനുമാണ് വിനിയോഗിക്കുക. 
ആദ്യ വർഷം സൗദി ജീവനക്കാരുടെ വേതനത്തിന്റെ മുപ്പതു ശതമാനവും രണ്ടാം വർഷം ഇരുപതു ശതമാനവും മൂന്നാം വർഷം പത്തു ശതമാനവുമാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയിൽനിന്ന് നൽകുക. സൗദി വനിതകളെയും ഭിന്നശേഷിക്കാരെയും ജോലിക്കു വെക്കുന്നതിന് അധിക സഹായം നൽകും. ചെറുനഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും സ്ഥാപനങ്ങൾക്കും 50 ൽ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കും സൗദിവൽക്കരണം നടപ്പാക്കുന്നതിന് അധിക ധനസഹായം നൽകും. 
ധനസഹായ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് സൗദി ജീവനക്കാരുടെ മിനിമം വേതനം നാലായിരം റിയാലിൽ കുറവാകാനും ഉയർന്ന വേതനം പതിനായിരം റിയാലിൽ കൂടുതലാകാനും പാടില്ലെന്ന് വ്യവസ്ഥയുണ്ട്. നാലായിരം റിയാലിൽ കുറവ് വേതനത്തിൽ സൗദി ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് കഴിയില്ല. 
ബിരുദധാരികളായ തൊഴിൽരഹിതർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും ജനസംഖ്യ കുറഞ്ഞ ചെറുനഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സ്ഥപനങ്ങളിൽ സൗദികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും സൗദി വനിതകൾക്കും ഭിന്നശേഷിക്കാർക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും ചെറുകിട സ്ഥാപനങ്ങളിൽ സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും സാമ്പത്തിക സഹായം നൽകുന്നതിന് പുതിയ പദ്ധതി ഊന്നൽ നൽകുന്നു. 
മാനവശേഷി വികസന നിധി വെബ്‌സൈറ്റ് വഴി സൗദികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്കാണ് ധനസഹായ പദ്ധതി പ്രയോജനപ്പെടുത്താൻ കഴിയുക. ലഭ്യമായ തൊഴിലവസരങ്ങളെക്കുറിച്ച് സ്ഥാപനങ്ങൾ മാനവശേഷി വികസന നിധി വെബ്‌സൈറ്റ് വഴി പരസ്യപ്പെടുത്തി ഉദ്യോഗാർഥികളെ കണ്ടെത്തി നിയമിക്കണം. മാനവശേഷി വികസന നിധി വെബ്‌സൈറ്റ് വഴിയല്ലാതെ സ്വദേശികളെ നിയമിക്കുന്നതിന് ധനസഹായം ലഭിക്കില്ല. മുമ്പ് ജോലികളൊന്നും ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർഥികൾ, 90 ദിവസത്തിലധികമായി ജോലിയില്ലാത്തവർ, പുതുതായി ബിരുദം നേടി പുറത്തിറങ്ങിയവർ എന്നീ മൂന്നു വിഭാഗങ്ങളിൽ പെട്ടവർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

 

Latest News