ന്യൂദൽഹി - സംസ്ഥാനങ്ങൾക്ക് സ്വന്തം ഇഷ്ടാനുസരണം പോലീസ് മേധാവിയെ നിയമിക്കാനാകില്ലെന്നു സുപ്രീംകോടതി. കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളുടെ ആവശ്യം നിരാകരിച്ചു കൊണ്ടാണു സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ചു സുപ്രീം കോടതിയുടെ പ്രകാശ് സിംഗ് കേസ് വിധിയിൽ ഭേദഗതി വരുത്താനാകില്ലെന്നും വ്യക്തമാക്കി. യു.പി.എസ്.സി തയാറാക്കുന്ന പട്ടികയിൽനിന്ന് തന്നെ ഡി.ജി.പിമാരുടെ നിയമനം നടത്തണം. പ്രത്യേക നിയമ നിർമ്മാണം നടത്തിയ സംസ്ഥാനങ്ങൾക്ക് സംസ്ഥാനതലത്തിൽ നിയമനത്തിന് അനുമതി നൽകണം എന്നായിരുന്നു കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം. കേരളത്തിന് പുറമേ പഞ്ചാബ്, പശ്ചിമ ബംഗാൾ, ഹരിയാന, ബീഹാർ എന്നീ സംസ്ഥാനങ്ങളാണു ഇക്കാര്യം ഉന്നയിച്ചു സുപ്രീംകോടതിയിലെത്തിയത്.
ഡി.ജി.പി നിയമനം സംബന്ധിച്ച സുപ്രീംകോടതിയുടെ മുൻ ഉത്തരവ് ഏറെ ജനപ്രീതി നേടിയതാണെന്നും പോലീസ് ഉദ്യോഗസ്ഥർ രാഷ്ട്രീയ സ്വാധീനത്തിന് അതീതരായിരിക്കാൻ അതുപകരിക്കുമെന്നുമാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പറഞ്ഞത്. കഴിഞ്ഞ ഡിസംബർ 12 ന് ഹരിയാന, പഞ്ചാബ് ഡി.ജി.പിമാരുടെ കാലാവധി സുപ്രീംകോടതി ജനുവരി 31 വരെ നീട്ടിയിരുന്നു. അതോടെ ഡിസംബർ 31 ന് വിരമിക്കേണ്ടിയിരുന്ന പഞ്ചാബ് ഡി.ജി.പി സുരേഷ് അറോറയും ഹരിയാന ഡി.ജി.പി ബി.എസ് സന്ദുവും ചുമതലകളിൽ തുടരുകയാണ്. യു.പി.എസ്.സി തയാറാക്കുന്ന ചുരുക്ക പട്ടികയിൽനിന്നേ ഡി.ജി.പിമാരെ നിയമിക്കാവൂ എന്ന സുപ്രീംകോടതി ഉത്തരവിൽ മാറ്റം വരുത്തണമെന്ന് മറ്റു ചില സംസ്ഥാനങ്ങൾകൂടി ആവശ്യമുന്നയിച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ മൂന്നിനാണ് ഡി.ജി.പി നിയമനങ്ങൾക്കുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നിശ്ചയിച്ച് സുപ്രീംകോടതി ഉത്തരവിറക്കിയത്.
കഴിഞ്ഞ ജൂലൈ മൂന്നിലെ വിധിയിലൂടെ സുപ്രീംകോടതി സംസ്ഥാന സർക്കാരിന്റെ ഡി.ജി.പി നിയമനങ്ങൾ തത്കാലത്തേക്കു മരവിപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങൾ ആക്ടിംഗ് ഡി.ജി.പിമാരെ നിയമിച്ച് പിന്നീട് സ്ഥിരമാക്കി 62 വയസുവരെ സേവന കാലാവധി കൂട്ടിക്കൊടുക്കുന്നു എന്നതായിരുന്നു കാരണം.