ന്യൂദൽഹി- ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ പന്നിപ്പനിയെ തുടർന്ന് ദൽഹി എയിംസിൽ പ്രവേശിപ്പിച്ചു. പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ചികിത്സ തുടരുകയാണെന്നും അമിത് ഷാ വ്യക്തമാക്കി. ദൈവത്തിന്റെ അനുഗ്രഹത്താൽ ഉടൻ സുഖമാകുമെന്നും അമിത് ഷാ ട്വിറ്റ് ചെയ്തു.
അതേസമയം, കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലി ചികിത്സക്കായി അമേരിക്കയിലേക്ക്. ബജറ്റ് അടുത്ത മാസം അവതരിപ്പിക്കുന്നതിനിടെ അരുൺ ജയ്റ്റ്‌ലിയുടെ അമേരിക്കൻ യാത്ര രാഷ്ട്രീയ കേന്ദ്രങ്ങൾക്കിടയിൽ വൻ ചർച്ചക്ക് കാരണമായി. വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അരുൺ ജയ്റ്റ്‌ലി പതിവു പരിശോധനക്ക് വേണ്ടിയാണ് അമേരിക്കയിലേക്ക് പോകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അരുൺ ജയ്റ്റ്‌ലി അസുഖം ഭേദമായി പെട്ടെന്ന് തിരിച്ചു വരട്ടെയെന്ന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കോൺഗ്രസ് പാർട്ടിയും ഞാനും അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. മന്ത്രി ഈ ആഴ്ച അവസാനത്തോടെ തിരിച്ചെത്തുമെന്നും ആർക്കും ചുമതല നൽകിയിട്ടില്ലെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, അരുൺ ജയ്റ്റ്‌ലിക്ക് ക്ഷേമം നേർന്ന് ബി.ജെ.പി നേതാക്കൾ കാര്യമായി രംഗത്തു വരാത്തതും ചർച്ചയായി. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മാത്രമാണ് ഇക്കാര്യത്തിൽ ട്വീറ്റ് ചെയ്തത്.