ന്യുദല്‍ഹി- സീനിയോറിറ്റി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ കൊളീജിയം നിര്‍ദേശം തിരുത്തി രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചത്. ഇതു സംബന്ധിച്ച സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ബുധനാഴ്ച വൈകുന്നേരം രാഷ്ട്രപതി റാം നാഥ് കോവിന്ദ് അംഗീകരിച്ചു. സീനിയോറിറ്റി മറികടന്ന് ഇവരെ നിയമിക്കുന്നതിനെതിരെ സുപ്രീം കോടതി മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എസ്.കെ കൗള്‍ അടക്കം മുതിര്‍ന്ന അഭിഭാഷകരും മുന്‍ ജഡ്ജിമാരും രംഗത്തെത്തിയിരുന്നു. ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ് എന്നിവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്ന് സുപ്രീം കോടതി കൊളീജിയം ഡിസംബറില്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ ജനുവരിയില്‍ തിരുത്തിയാണ് പുതിയ ജസ്റ്റിസുമാരായ മഹേശ്വരിയുടേയും ഖന്നയുടേയും പേരുകള്‍ ചേര്‍ത്തത്.
സീനിയര്‍ ജഡ്ജിമാരെ തഴഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ നിയമ രംഗത്തുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് തിരുത്തിയ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചത്. കൊളീജിയം ശുപാര്‍ശ തിരുത്തി പുതിയ പേരുകള്‍ ചേര്‍ത്തതില്‍ വിയോജിപ്പ് വ്യക്തമാക്കി ജസ്റ്റിസ് കൗള്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്ക്ക് കത്തെഴുതിയിരുന്നു. മുന്‍ ദല്‍ഹി ഹൈക്കോടതി ജഡ്ജി കൈലാശ് ഗംഭീര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കും കത്തെഴുതിയിരുന്നു. ബാര്‍ കൗണ്‍സിലും പുതിയ നിയമനത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചുണ്ട്. തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കൊളീയത്തെ സമീപിക്കുമെന്നും ഇത് അംഗീകരിച്ചില്ലെങ്കില്‍ കുത്തിയിരിപ്പു സമരം നടത്തുമെന്നും ബാര്‍ കൗണ്‍സില്‍ അധ്യക്ഷന്‍ എം.കെ മിശ്ര പറഞ്ഞു.