ന്യൂദല്‍ഹി: പുതിയ സി ബി ഐ ഡയറക്ടറെ തെരഞ്ഞെടുക്കാൻ പ്രാധാനമന്ത്രി അധ്യക്ഷനായുള്ള സെലക്ഷൻ കമ്മിറ്റി ഈ മാസം 24 ന് യോഗം ചേരും. ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട അലോക് വർമക്കെതിരെ ഉള്ള കേന്ദ്ര വിജിലന്‍സ് കമ്മിറ്റിയുടെ പഴയ റിപ്പോര്‍ട്ട് പരസ്യമാക്കണമെന്നു ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും സെലക്ഷന്‍ കമ്മറ്റി അംഗവുമായ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പിറകെയാണ് പുതിയ തീരുമാനം. ജനുവരി 10 ന് നടന്ന മീറ്റിങിന്റെ മിനുട്ട്സ് പരസ്യമാക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടിരുന്നു.
സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മയെ നീക്കിയ നടപടി വന്നത് മുന്‍നിശ്ചയ പ്രകാരമാണെന്നു നേരത്തെ ഖര്‍ഗെ ആരോപിച്ചിരുന്നു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജസ്റ്റിസ് സിക്രിയും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലായിരുന്നു. അലോക് വര്‍മയെ പുറത്താക്കിയേ തീരൂ എന്നായിരുന്നു രണ്ടു പേരുടെയും അഭിപ്രായം,' പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ഖര്‍ഗെയെ ഉദ്ധരിച്ച് പറഞ്ഞിരുന്നു.
കേന്ദ്ര വിജിലന്‍സ് കമ്മിറ്റിയുടെ പഴയ റിപ്പോര്‍ട്ട് മാത്രമായിരുന്നു അലോക് വര്‍മക്കെതിരെ യോഗത്തില്‍ ഹാജരാക്കപ്പെട്ടിരുന്നത്. പുതുതായി ഒന്നും ഉണ്ടായിരുന്നില്ല എന്നും ഖര്‍ഗെ പറഞ്ഞതായി രാജ്ദീപ് സര്‍ദേശായി പറഞ്ഞു. യോഗത്തിന്റെ മിനുട്ട്‌സില്‍ കടുത്ത അതൃപ്തിയോടെയാണ് ഖര്‍ഗെ ഒപ്പു വെച്ചത്.
ജനുവരി 10 ന് പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നത തലയോഗത്തിനു ശേഷമാണ് പുറത്താക്കാനുള്ള തീരുമാനം വന്നത്. തിരിച്ചെടുക്കാനുള്ള സുപ്രീം കോടതി വിധി വന്ന് 48 മണിക്കൂറിനകമാണ് വീണ്ടും പുറത്തായത്. അലോക് വർമയുടെ ഭാവിയിൽ തീരുമാനമെടുക്കാനായി രൂപീകരിച്ച ഉന്നത തല സെലക്ഷൻ സമിതിയിൽ നിന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേരത്തെ തന്നെ പുറത്തായിരുന്നു. ഗൊഗോയ്ക്കു പകരം ജസ്റ്റിസ് എ.കെ. സിക്രിയായിരുന്നു സമിതിയിൽ ഉണ്ടായിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ജസ്റ്റിസ് സിക്രിക്കും പുറമെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും ആണ് മൂന്നംഗ സമിതിയിൽ ഉള്ളത്. ഖാർഗെയുടെ എതിർപ്പ് തള്ളിയാണ് അലോക് വർമയെ വീണ്ടും മാറ്റിയത്. അലോക് വർമയെ ഡയറക്ടർ ജനറൽ ഫയർ സർവീസ്, സിവിൽ ഡിഫെൻസ് ആന്റ് ഹോം ഗാർഡ്‌സ് ആയാണ് പുനർ നിയമനം നൽകിയിരുന്നത്. വർമ സ്ഥാനം രാജി വെച്ചിരുന്നു.
സുപ്രീം കോടതി വിധി പ്രകാരം വീണ്ടും ജോലിയിൽ പ്രവേശിച്ച വർമ, പുറത്താകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അഞ്ച് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയിരുന്നു. 10 സ്ഥലം മാറ്റ ഓർഡറുകളാണ് വർമ റദ്ദ് ചെയ്തത്.
ഒക്ടോബർ 23ന് അർധരാത്രിയിലാണ് അലോക് വർമയോട് നിർബന്ധിത അവധിയിൽ പുറത്ത് പോകാൻ സർക്കാർ ആവശ്യപ്പെടുന്നത്. ഇടക്കാല ഡയറക്ടറായി നാഗേശ്വർ റാവുവിനെ നിയമിക്കുകയും ചെയ്തു. രണ്ടു വർഷത്തെ സ്ഥിരീകൃത കാലാവധി സിബിഐ ഡയറക്ടർക്കുണ്ടെന്നും പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷൻ പാനലിന് മാത്രമേ തന്നെ നീക്കാൻ അധികാരമുള്ളൂയെന്നും അദ്ദേഹം സുപ്രീം കോടതിയിൽ വാദിച്ചു.വാദം കോടതി അംഗീകരിക്കുകയും കാര്യങ്ങൾ തീരുമാനിക്കാനായി സെലക്ഷൻ പാനലിന് വിടുകയും ചെയ്തു.