ഹൈദരാബാദ്- ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഫെഡറൽ മുന്നണി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾക്കായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഢിയുടെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഢിയുമായി ചർച്ച നടത്തി. റെഡ്ഢിയുടെ വൈ.എസ്.ആർ കോൺഗ്രസിനെ ബി.ജെ.പി-കോൺഗ്രസ് വിരുദ്ധ മുന്നണിയുടെ ഭാഗമാകാൻ ചന്ദ്രശേഖർ റാവു റെഡ്ഢിയെ ക്ഷണിച്ചു. ആന്ധ്രപ്രദേശ് നിയമസഭയിൽ പ്രതിപക്ഷ നേതാവാണ് ജഗ്‌മോഹൻ റെഡ്ഢി. ഇരുനേതാക്കളും തമ്മിൽ നടക്കുന്ന ആദ്യത്തെ നേരിട്ടുള്ള ചർച്ചയാണിത്.
കഴിഞ്ഞ കുറെ മാസങ്ങളായി രാജ്യത്ത് ബി.ജെ.പി-കോൺഗ്രസ് വിരുദ്ധ മുന്നണി രൂപീകരിക്കാനാണ് ചന്ദ്രശേഖർ റാവു ശ്രമിക്കുന്നത്. നേരത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, ജനതാദൾ നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ, യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, തമിഴ്‌നാട് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ എന്നിവരുമായെല്ലാം ചന്ദ്രശേഖർ റാവു ചർച്ച നടത്തിയിരുന്നു. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഫെഡറൽ മുന്നണി രൂപീകരിച്ച് തെരഞ്ഞെടുപ്പ് നേരിടാനാണ് ചന്ദ്രശേഖർ റാവു ശ്രമിക്കുന്നത്.
ബദ്ധശത്രുവായ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനെയും തെലുങ്കുദേശം പാർട്ടിയെയും തെരഞ്ഞെടുപ്പിൽ തറപ്പറ്റിക്കാനാണ് ജഗ്‌മോഹൻ റെഡ്ഢിയുടെ സഹായം ചന്ദ്രശേഖർ റാവു തേടുന്നത്. കെ.സി.ആറും അദ്ദേഹത്തിന്റെ പാർട്ടിയും ആന്ധ്രപ്രദേശിന്റെ യഥാർത്ഥ കൂട്ടുകാരാണെന്ന് ജഗ്‌മോഹൻ റെഡ്ഢി പറഞ്ഞു. തെലങ്കാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചന്ദ്രശേഖർ റാവുവിനെ തോൽപ്പിക്കാൻ ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ശ്രമിച്ചിരുന്നു. ഇതിന് പകരം വീട്ടുമെന്ന് നേരത്തെ തന്നെ റാവു മുന്നറിയിപ്പ് നൽകിയിരുന്നു. 119 അംഗ നിയമസയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 88 സീറ്റുകളാണ് റാവു നേടിയത്.