കാണ്‍പുര്‍- ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിക്കാനുള്ള സ്ത്രീയുടെ ശ്രമം ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. സതി അനുഷ്ഠിക്കാന്‍ ഒരുങ്ങിയ സ്ത്രീയെ മാറ്റി നിര്‍ത്തുന്നതിന് മൃതദേഹം ദൂരെ കൊണ്ടുപോയാണ് സംസ്‌കരിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ദഹിപ്പിക്കുന്നതുവരെ പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. കോട് വാലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ശഹ്ബാസ്പുര്‍ ഗ്രാമത്തിലാണ് സംഭവം. മംഗു യാദവിന്റെ (80) മൃതദേഹം ദഹിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് തനിക്കും ചിത ഒരുക്കണമെന്ന് സ്ത്രീ ബന്ധുക്കളോട് പറഞ്ഞത്. നിരുത്സാഹപ്പെടുത്താന്‍ ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും സ്ത്രീ ഉറച്ചുനിന്നതോടെ പോലീസിനെ വിളിക്കുകയായിരുന്നു.