Sorry, you need to enable JavaScript to visit this website.

അലോക് വര്‍മക്കെതിരായ രേഖകള്‍ പരസ്യപ്പെടുത്തണം; മോഡിക്ക് ഖാര്‍ഗെയുടെ കത്ത്

ന്യൂദല്‍ഹി- സി.ബി.ഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയെ നീക്കം ചെയ്ത നിര്‍ണായക രേഖകള്‍ പരസ്യപ്പെടുത്തണം എന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു കത്തെഴുതി. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട്, ജനുവരി പത്തിന് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന്റെ മിനുട്ട്‌സ് എന്നിവ പരസ്യപ്പെടുത്തണമെന്നാണ് ഖാര്‍ഗേയുടെ ആവശ്യം. സി.ബി.ഐ തലപ്പത്ത് ഒരു സ്വതന്ത്ര ഡയറക്ടര്‍ ഇരിക്കുന്നത് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നു. അതിനാല്‍ തന്നെ അലോക് വര്‍മയെ നീക്കം ചെയ്തതിനു പിന്നിലുള്ള രേഖകള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ അനാവരണം ചെയ്യണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. സി.ബി.ഐയില്‍ ഇടക്കാല ഡയറക്ടറെ നിയമിച്ചത് നിയമ വിരുദ്ധമാണെന്നും ഉടന്‍ തന്നെ ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് സി.ബി.ഐ ഡയറക്ടറെ നിയമിക്കണമെന്നുമാണ് കത്തിലെ മറ്റൊരാവശ്യം.
സി.ബി.ഐ ഡയറക്ടറുടെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനുള്ള ഉന്നതാധികാര സമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ജസ്റ്റിസ് എ.കെ.സിക്രി എന്നിവര്‍ക്കു പുറമേ ഖാര്‍ഗെയും അംഗമായിരുന്നു. അലോക് വര്‍മയെ നീക്കം ചെയ്യണമെന്ന നിലപാടില്‍ മോഡിയും ജസ്റ്റിസ് സിക്രിയും ഉറച്ചു നിന്നപ്പോള്‍ ഖാര്‍ഗെ കടുത്ത എതിര്‍പ്പുന്നയിച്ചു. അതുകൊണ്ടു കൂടിയാണ് യോഗത്തിന്റെ മിനുട്ട്‌സ് പുറത്തു വിടണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടത്. അതോടൊപ്പം ജസ്റ്റിസ് എ.കെ. പട്‌നായിക് മേല്‍നോട്ടം വഹിച്ച സി.വി.സി അന്വേഷണ റിപ്പോര്‍ട്ടും പുറത്തു വിടണമെന്നാണ് ആവശ്യം. സ്വാഭാവിക നീതി അനുസരിച്ചും ചട്ടങ്ങള്‍ അനുസരിച്ചും മാത്രമേ സി.ബി.ഐ ഡയറക്ടറുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് തയാറാക്കിയത് താനല്ലെന്നും സി.വി.സി തയാറാക്കിയ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുക മാത്രമാണു ചെയ്തിരിക്കുന്നതെന്നും ജസ്റ്റിസ് എ.കെ.പട്‌നായിക് വ്യക്തമാക്കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്തിരിക്കുന്നത്. അതിനാലാണ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടിരിക്കുന്നത്.
അലോക് വര്‍മയെ നീക്കം ചെയ്തത് തിടുക്കത്തിലുള്ള നടപടിയായിപ്പോയെന്നും റിപ്പോര്‍ട്ടില്‍ വര്‍മയ്‌ക്കെതിരേ തെളിവുകളില്ലെന്നും ജസ്റ്റിസ് പട്‌നായിക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ സമിതി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോഴെടുത്ത തീരുമാനം ശരിയല്ല. അത് നിയമ സംവിധാനത്തിന് തന്നെ അപമാനമാണ്. ജുഡീഷ്യറിയുടെ ഭാഗമായിരിക്കുന്ന ഒരാള്‍ തന്നെ സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നെന്നും ഖാര്‍ഗെ ആരോപിക്കുന്നു.

 

Latest News