പത്തനംതിട്ട- ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ടു യുവതികളെ പോലീസ് തിരിച്ചിറക്കി. പുലര്‍ച്ചെ നാലരയോടെ നീലിമലയിലെത്തിയ യുവതികളെ
പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. മല കയറാനെത്തിയ കണ്ണൂര്‍ സ്വദേശിയായ രേഷ്മ നിഷാന്തിനെയും ഷാനിലയേയുമാണ് തടഞ്ഞത്.
ദര്‍ശനത്തിനുശേഷം മടങ്ങിയ തീര്‍ഥാടകരില്‍ ഇവരെ തിരിച്ചറിഞ്ഞതോടെ പ്രതിഷേധിക്കുകയായിരുന്നു. ഉടന്‍ തന്നെ കൂടുതല്‍ തീര്‍ഥാടകര്‍ പ്രതിഷേധവുമായെത്തി. പിന്നീട് പോലീസ് വാഹനത്തില്‍ കയറ്റി യുവതികളെ മാറ്റുകയായിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്രതമെടുത്താണ് മല കയറാനെത്തിയതെന്നും ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്നും യുവതികള്‍ വ്യക്തമാക്കി. നിലയ്ക്കലിലെത്തിയാല്‍ സുരക്ഷയൊരുക്കാമെന്ന് പോലീസ് അറിയിച്ചിരുന്നുവെന്ന് രേഷ്മ നിഷാന്ത് പറഞ്ഞു.
നാലു മാസത്തോളമായി വ്രതം നോല്‍ക്കുന്നു. തിരിച്ചു കുടുംബജീവിതത്തിലേക്കു മടങ്ങണമെങ്കില്‍ മാലയഴിക്കേണ്ടത് ആവശ്യമാണ്. അയ്യപ്പനെ കാണാതെ മാലയഴിക്കുന്നത് എങ്ങനെയാണെന്നു പ്രതിഷേധക്കാര്‍ പറയണമെന്നും രേഷ്മ പറഞ്ഞു.