ബീജിംഗ് - ഭൂമിക്കു പുറത്ത് ആദ്യമായി കൃഷി നടത്തിയതിന്റെ അപൂർവ നേട്ടവുമായി ചൈനീസ് ശാസ്ത്രജ്ഞർ. ഈ മാസം മൂന്നിന് ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഇറങ്ങിയ ചൈനീസ് പര്യവേക്ഷണ പേടകമായ 'ചാങ്കി-4' നുള്ളിൽ പരുത്തി വിത്ത് മുളച്ചതിന്റെ ദൃശ്യങ്ങൾ ചോങ്ക്വിങ് യൂനിവേഴ്‌സിറ്റി അധികൃതർ പുറത്തുവിട്ടു. ചന്ദ്രന്റെ പ്രതലത്തിൽ ഇതാദ്യമായാണ് മനുഷ്യൻ ജീവന്റെ വളർച്ചയുടെ പരീക്ഷണം നടത്തുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ശാസ്ത്രജ്ഞനായ സീ ജെങ്‌സിൻ പറഞ്ഞു.
ബഹിരാകാശ ഗവേഷണ രംഗത്ത് വൻശക്തിയാവാൻ ശ്രമിക്കുന്ന ചൈനയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണിത്.
ചൈനയിൽ ചന്ദ്ര ദേവതയുടെ പേര് നൽകിയ ചാങ്കി ദൗത്യത്തിൽ ഇത്തരമൊരു കൃഷി പരീക്ഷണത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത് ചോങ്ക്വിങ് യൂനിവേഴ്‌സിറ്റിയാണ്. ഇതിനായി ചന്ദ്രന്റെ അന്തരീക്ഷത്തിന്റെ ചെറു പതിപ്പ് സൃഷ്ടിച്ചു. ആ അന്തരീക്ഷമുള്ള ചെറു പേടകത്തിൽ വായു നിറച്ചു. പിന്നീട് അതിനുള്ളിൽ ഒന്നരയടി ഉയരമുള്ള ബക്കറ്റ് പോലുള്ള പാത്രത്തിൽ മണ്ണും വെള്ളവും നിറച്ച് അതിൽ വിവിധയിനം വിത്തുകൾ പാകുകയും ചെയ്തു. പരുത്തി, ഉരുളക്കിഴങ്ങ്, ഒരിനം കടുക് എന്നിവയുടെ വിത്തുകളാണ് പാകിയത്. കൂടാതെ ഈച്ച മുട്ടകളും യീസ്റ്റും ഈ പാത്രത്തിലിട്ടു.
ചന്ദ്രനിലെത്തുമ്പോൾ ഇവക്കെല്ലാം എന്തു സംഭവിക്കുമെന്നറിയാൻ ചാങ്കി 4ൽ നിന്നുള്ള ദൃശ്യങ്ങൾ ശാസ്ത്രജ്ഞർ ഇവിടെ സദാ നിരീക്ഷിച്ചു കൊണ്ടിരുന്നു. അവർക്ക് ആഹ്ലാദം പകർന്നുകൊണ്ട് പരുത്തി വിത്ത് മുളച്ചിരിക്കുകയാണ്. എന്നാൽ മറ്റ് വിത്തുകളൊന്നും ഇതുവരെ മുള പൊട്ടിയിട്ടില്ല.