ന്യൂദല്‍ഹി- പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താനുളള ബിജെപിയുടെ നീക്കത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി. ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് അനുമതി നിഷേധിച്ചത്. യാത്ര സംസ്ഥാനത്തെ ക്രമസമാധനത്തെ തകര്‍ക്കുമെന്ന ബംഗാള്‍ സര്‍ക്കാരിന്റെ വാദത്തിന്റെ വാദത്തെ ശരിവെച്ച കോടതി റാലികളും പൊതു പരിപാടികളും നടത്തുന്നതിന് കുഴപ്പമില്ല എന്ന് പറഞ്ഞു.
ബംഗാളിലെ 42 ലോകസഭാ മണ്ഡലങ്ങളിലൂടെ റാലി നടത്താനായിരുന്നു ബിബെപി സംസ്ഥാന നേതൃത്വത്തിന്റെ പദ്ധതി. രഥയാത്രക്ക് അനുമതി നിഷേധിച്ച ശേഷം കോടതി ബിജെപി നേതാക്കളോട് പുതിയ പദ്ധതി ആവിഷ്‌കരിക്കാനും സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാനും അനുമതി വാങ്ങിയ ശേഷം പരിപാടി നടത്താനും പറഞ്ഞു.
വിധിയോട് പ്രതികരിക്കവെ കോടതിയെ അനുസരിക്കുമെന്നും വിധിയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞു. പുതിയ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും പരിപാടികളുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പശ്ചിമ ബംഗാള്‍ സര്‍ക്കാറും തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവും വിധിയെ സ്വാഗതം ചെയ്തു. ഇത് ബിജെപി നേതൃത്വത്തിന് വലിയ പാഠമാണെന്നും സംസ്ഥാനത്ത് ഇനി രഥയാത്ര നടത്തുന്നതിനെ കുറിച്ച് അവര്‍ ചിന്തിക്കില്ലെന്നും വിധിയെ സ്വാഗതം ചെയ്ത് പശ്ചിമ ബംഗാള്‍ ഗ്രാമ വികസന മന്ത്രി സുബര്‍ഥ മുഖര്‍ജി പറഞ്ഞു.