ഓസ്ലോ- അന്റാര്‍ക്ടിക്കയിലെ വാര്‍ഷിക മഞ്ഞുരുക്ക തോത് ആറിരട്ടി വര്‍ധിച്ചതായി ശാസ്ത്രജ്ഞര്‍. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഉണ്ടായ വര്‍ധന കടല്‍ ജലനിരപ്പ് വന്‍തോതില്‍ ഉയരാന്‍ ഇടയാക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യരുടെ പ്രവര്‍ത്തികള്‍ മൂലം ആഗോള താപന വര്‍ധിക്കുന്ന ഭീഷണിക്കിടെയാണ് ഈ പുതിയ കണ്ടെത്തല്‍. ഏതാനും വര്‍ഷങ്ങളായ അന്റാര്‍ക്ടിക്കയില്‍ മഞ്ഞുരുക്കം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതു പ്രധാനമായും പടിഞ്ഞാറന്‍ അന്റാര്‍ക്ടിക്കയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് കിഴക്കന്‍ അന്റാര്‍ക്ടിക്കയിലെ മഞ്ഞുപാളികള്‍ ഉരുകുന്നതായാണ്. നേരത്തെ മഞ്ഞുരുക്കം പ്രതിരോധിച്ചിരുന്ന മേഖലയാണിത്. ഇവിടെ മഞ്ഞുപാളികളുടെ അരികുകള്‍ അലിഞ്ഞ്‌കൊണ്ടിരിക്കുകയാണ്.
അന്റാര്‍ക്ടിക്ക് ഭൂഖണ്ഡത്തിലെ വാര്‍ഷിക ഐസ് നഷ്ടം 2009-2017 കാലയളവില്‍ 252 ബില്യണ്‍ ടണ്‍ ആയി കുതിച്ചുയര്‍ന്നിട്ടുണ്ട്. 1979-1990 കാലയളവില്‍ ഇത് 40 ബില്യണ്‍ ടണ്‍ മാത്രമായിരുന്നുവെന്ന് യുഎസ് ഗവേഷണ പ്രസിദ്ധീകരണം റിപോര്‍ട്ട് ചെയ്യുന്നു. ഈ മഞ്ഞുരുക്കം കാരണം കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ സമുദ്രത്തിലെ ജലനിരപ്പ് 0.5 ഇഞ്ച് (13.2 മില്ലിമീറ്റര്‍) ഉയര്‍ന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത് ഒരു സൂചന മാത്രമാണെന്നും ഈ മഞ്ഞുരുക്കം തുടര്‍ന്നാല്‍ അടുത്ത നൂറ്റാണ്ടുകളില്‍ സമുദ്ര നിരപ്പില്‍ വലിയ ഉയര്‍ച്ചയുണ്ടാകുമെന്നും പഠനങ്ങളുടെ ഭാഗമായിരുന്ന യുണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഭൂമിശാസ്ത്ര വിഭാഗം പ്രൊഫസര്‍ എറിക് റിഗ്നോട്ട് പറയുന്നു.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ സമുദ്ര നിരപ്പ് 20 സെന്റീമിറ്റര്‍ ഉയര്‍ന്നതായാണ് കണക്ക്. ഗ്രീന്‍ലാന്‍ഡ് മുതല്‍ അന്റാര്‍ക്ടിക്ക വരെയുള്ള ഐസ് പാളികള്‍ വേഗത്തില്‍ അലിഞ്ഞ് ജലമായി മാറുന്നതായി നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബംഗ്ലദേശ് തൊട്ട് ഫ്‌ളോറിഡ വരേയുളള തീരങ്ങളും ലണ്ടന്‍, ഷാങ്ഹായ് അടക്കമുള്ള വന്‍നഗരങ്ങളേയും ഇതി ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്. മഞ്ഞില്‍ പുതഞ്ഞ് കിടക്കുന്ന അന്റാര്‍ട്ടിക്ക് മൊത്തമായി ഉരുകി വെള്ളമായാല്‍ സമുദ്ര നിരപ്പ് 57 മീറ്റര്‍ വരെ ഉയരാന്‍ ഇടയാകുമെന്നാണ് അനുമാനം. ഇതിന് ഉയര്‍ന്ന താപനിലയും ആയിരക്കണക്കിന് വര്‍ഷങ്ങളുമെടുക്കും.