ജിദ്ദ- സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം വര്‍ധിച്ചതോടെ നഷ്ടമായ പുസ്തക വായന തിരിച്ചുപിടിക്കാനുള്ള വനിതാ ഗ്രൂപ്പിന്റെ ശ്രമം ശ്രദ്ധേയമാകുന്നു. കൂടുതല്‍ പുസ്തകങ്ങള്‍ ലഭ്യമാക്കി ജനങ്ങളെ വായനയുടെ ലോകത്ത് എത്തിക്കുകയാണ് വനിതകള്‍ നേതൃത്വം നല്കുന്ന ജിദ്ദ റീഡ്സ് ഗ്രൂപ്പിന്റെ ലക്ഷ്യം.
ശില്പശാലകളും ഒത്തുചേരലുകളും സംഘടിപ്പിച്ച് കൂടുതല്‍ പേരെ വായനയില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് 2015 ല്‍ രൂപീകരിച്ച ജിദ്ദ റീഡസ് കരുതുന്നു. 2014 ല്‍ സൗദി അറേബ്യയിലെ സംസ്കാരിക പ്രശ്നങ്ങളും പ്രവണതകളും പഠിക്കാനുള്ള ഗവേഷണത്തിനിടയിലാണ് വായനാ സംസ്കാരം അന്യംനിന്നു പോകുകയാണെന്ന് കണ്ടെത്തിയതെന്ന് ഗ്രൂപ്പിന്റെ സ്ഥാപക ഹുദ മെര്‍ച്ചന്റ് പറയുന്നു.
ചാറ്റില്‍ സമയം കളയുന്നതിനു പകരം, ആളുകള്‍ പുസ്തകങ്ങള്‍ വായിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും വായന പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയുടെ പ്രോജക്ട് മാനേജര്‍ അബ്രാര്‍ അല്‍ ഖായെം പറഞ്ഞു. ആശുപത്രികളിലും കോഫി ഷോപ്പുകളിലും വായനയുടെ സന്ദേശവുമായി സംഘം എത്തും.
ജിദ്ദയിലെ സ്കൂളുകളില്‍ വായനയെ കുറിച്ച് നടത്തിയ സര്‍വേയില്‍ 60 ശതമാനം സ്കൂളുകളിലും ലൈബ്രറികള്‍ പോലുമില്ലെന്നാണ് കണ്ടെത്തിയതെന്ന് ജിദ്ദ റീഡ്സ് പ്രവര്‍ത്തകര്‍ പറയുന്നു.