ചെങ്ങന്നൂര്‍- കുടുംബത്തിന് താങ്ങാകാന്‍ ഏഴു മാസം മുമ്പ് കുവൈത്തിലേക്ക് പോയി അവിടെ വച്ച് ജോലിക്കിടെ മരിച്ച ചെങ്ങന്നൂര്‍ സ്വദേശി ബിജുവിന് സഹായവുമായി കമ്പനി സി.ഒ.ഓ നേരിട്ട് കേരളത്തിലെത്തി. എസ്.ബി.സി കുവൈത്ത് എന്ന കമ്പനിയില്‍ പ്ലംബറായി ജോലി ചെയ്തു വരികയായിരുന്ന ചെങ്ങന്നൂര്‍ ചെറിയനാട് കടയിക്കാടിനു സമീപം താമസിക്കുന്ന ബിജു ഡിസംബര്‍ 12-നാണ് ജോലിസ്ഥലത്ത് വച്ച് ഹൃദയാഘാതം മൂലം മരിച്ചത്. കമ്പനി തന്നെ മൃതദേഹം ഉടന്‍ നാട്ടിലെത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനി ചീഫ് ഓപറേറ്റിങ് ഓഫീസറായ ഹംബര്‍ട്ട് ലീ ബിജുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും ധനസഹായം കൈമാറാനുമായി നേരിട്ടെത്തിയത്. ഇന്‍ഷൂറന്‍സ് തുകയും കമ്പനി ജീവനക്കാരില്‍ നിന്നു സ്വരൂപിച്ച 33.5 ലക്ഷം രൂപയും ലീ കുടുംബത്തിനു കൈമാറി. ബിജുവിന്റെ അമ്മേയുയം ഭാര്യയേയും രണ്ടു മക്കളേയും ലീ ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരികിക്കുകയാണ്. മരണപ്പെട്ട പ്രവാസി തൊഴിലാളിയോട് കമ്പനി കാണിച്ച അനുകമ്പയും ഉന്നത മേധാവി കേരളത്തില്‍ നേരിട്ടെത്തിയതും ഏറെ പ്രശംസിക്കപ്പെട്ടു. ലീക്കു മുമ്പില്‍ വിതുമ്പുന്ന ബിജുവിന്റെ കുടുംബം സമൂഹമാധ്യമങ്ങളിലും കണ്ണു നനയിച്ചു.