Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ സര്‍ക്കാരിനെ വീഴ്ത്താനൊരുങ്ങി വീണ്ടും ബിജെപി; അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരെ 'കാണാനില്ല'

104 ബിജെപി എംഎല്‍എമാലെ ഗുഡ്ഗാവിലെ റിസോര്‍ട്ടിലേക്കു മാറ്റി

ബെംഗളൂരു- കര്‍ണാകടയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സെക്കുലര്‍ (ജെ.ഡി.എസ്) സഖ്യസര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി വീണ്ടും നീക്കങ്ങള്‍ സജീവമാക്കിയതായി സൂചന. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരെ 'കാണാതായത്' ഇതിന്റെ ഭാഗമായാണെന്ന് കരുതപ്പെടുന്നത്. ഇവരെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് ബിജെപി ശ്രമമെന്നാണ് റിപോര്‍ട്ടുകള്‍. അതിനിടെ ബിജെപി തങ്ങളുടെ 100 എംഎല്‍എമാരെ ദല്‍ഹിക്കടുത്ത് ഗുഡ്ഗാവിലെ റിസോര്‍ട്ടിലേക്കു മാറ്റി. സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇവിടെ നടക്കുന്നതായും സുചനയുണ്ട്. കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാരെ ദല്‍ഹിയിലെത്തിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവരമൊരുക്കാനും നീക്കമുണ്ട്.  ഈയിടെ മന്ത്രി പദവി നഷ്ടമായ രമേഷ് ജറകിഹോളി, ആനന്ദ് സിങ്, ബി നാഗേന്ദ്ര, ഉമേഷ് യാദവ്, ബി സി പട്ടേല്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരേയാണ് കാണാതായത്. മന്ത്രിസഭാ പുനസ്സംഘടനയിലും മറ്റും തഴയപ്പെട്ടതില്‍ അതൃപ്തരാണ് ഇവരെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. 

അതിനിടെ തങ്ങളുടെ എംഎല്‍എമാരെ ഭിന്നിപ്പിക്കാന്‍ ജെഡിഎസ് ശ്രമിക്കുന്നതായി ബിജെപി ആരോപിച്ചു. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയാണ് ഇതിനു പിന്നില്‍ ചരടുവലിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു. ഇതിനിടെയാണ് 104 ബിജെപി എംഎല്‍എമാരെ ഗുഡ്ഗാവിലേക്കു മാറ്റിയത്. രണ്ടു ദിവസം ഇവിടെ തങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്ദ്യൂരപ്പ പറഞ്ഞു. ഞങ്ങള്‍ ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നാലഞ്ച് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞതിനു പിന്നാലെയാണ് ബിജെപി തങ്ങളുടെ എംഎല്‍എമാരെ ഗുഡ്ഗാവിലേക്കു മാറ്റിയത്. ഇവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ആഭ്യന്തര മന്ത്രി എം ബി പാട്ടീലും പറഞ്ഞിരുന്നു.

അതേസമയം കാണാതയ ഭരണ കക്ഷി എംഎല്‍എമാര്‍ മുംബൈയില്‍ ഉണ്ടെന്നും അവര്‍ താനുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചു. അവര്‍ തന്നെ അറിയിച്ചാണ് മുംബൈയിലേക്കു പോയത്. സര്‍ക്കാരിന് ഭീഷണിയില്ലെന്നും കുമാരസ്വാമി പറഞ്ഞു. ബിജെപി ആരേയാണ് ചാക്കിടാന്‍ ശ്രമിക്കുന്നതെന്നും എന്താണ് വാഗ്ദാനം ചെയ്യുന്നതെന്നും അറിയാം. ഇവരെ കൈകാര്യം ചെയ്യാനും എനിക്കാകും- കുമാരസ്വാമി വ്യക്തമാക്കി. കോണ്‍ഗ്രസ് എംഎല്‍എമാര്‍ അവധി ചെലവിടാനോ ക്ഷേത്ര ദര്‍ശനത്തിനോ കുടുംബത്തോടൊപ്പം യാത്രയിലോ ആയിരിക്കാം. ഞങ്ങള്‍ക്കറിയില്ല. അതേസമയം ഞങ്ങളുടെ എംഎല്‍എമാരെല്ലാം പാര്‍ട്ടിക്കൊപ്പമുണ്ട്- കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായി ജി പരമേശ്വര പറഞ്ഞു.

224 അംഗ നിയമസഭില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 118 അംഗങ്ങളും ബിജെപിക്ക് 104 അംഗങ്ങളുമാണുള്ളത്.
 

Latest News