ലഖ്‌നൗ-ബുലന്ത്ശഹർ കലാപത്തിലെ പ്രതികൾക്കെതിരെ കർശന നടപടികളുമായി പൊലീസ്. ഏഴ് പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തുവന്നു റിപ്പോർട്ടുകൾ പറയുന്നു. ഈ ഏഴുപേരുടെ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. നിയമപ്രകാരം, ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് പോലീസ് പറയുന്നു.
ഡിസംബർ മൂന്നിന് നടന്ന കലാപത്തിൽ ഇത് വരെ മുപ്പതോളം പേർ അറസ്റ്റിലായിട്ടുണ്ട്. പശുവിനെ അറുത്ത് എന്ന് ആരോപിച്ച് ഹൈന്ദവ സംഘടനകൾ മനപൂർവ്വം കലാപമുണ്ടാക്കുകയായിരുന്നു.
കലാപത്തെത്തുടർന്ന് പൊലീസ് ഇൻസ്‌പെക്ടർ സുബോധ് കുമാർ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. കലുവ, പ്രശാന്ത് കുമാർ എന്നീ രണ്ടു പേരാണ് നേരത്തെ പിടിയിലായത്.കവുലയാണ് കൊല്ലുന്നതിന് മുമ്പ് സുബോധ് കുമാറിന്റെ കൈക്ക് കോടാലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രശാന്ത് നാഥ് ആയിരുന്നു സുബോധ് കുമാറിനെ വെടിവെച്ചത്.
അക്രമകാരികൾ മനപ്പൂർവം കലാപം ഉണ്ടാക്കുകയായിരുന്നുവെന്നും നിരന്തരം അപേക്ഷിച്ചിട്ടും പിൻമാറാൻ തയ്യാറായില്ല എന്നും പൊലീസ് പറയുന്നു. ക്രൂരമായ ആക്രമണത്തിനും മർദനത്തിനും കൊല്ലപ്പെട്ട സുബോധ് കുമാർ സിംഗ് ഇരയായി എന്നും വെളിപ്പെടുത്തലിലുണ്ട്.
ആക്രമണത്തിൽ പ്രധാന പ്രതിയായ കലുവ റോഡിൽ മരം മുറിച്ചിടാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. പ്രദേശവാസികളെ കൂട്ടി മനപൂർവം കലാപം സൃഷ്ടിക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് പറയുന്നു. ബുലന്ത്ഷഹറിലെ ഒരു മൈതാനത്ത് അന്ന് ഒരു മുസ്‌ലിം സംഘടനയുടെ നേതൃത്വത്തിൽ ഒരു പരിപാടി നടക്കുമ്പോഴായിരുന്നു ഇത്. സംഗമത്തിൽ പങ്കെടുക്കാൻ പോയവർ തിരിച്ചു വരുമ്പോൾ സ്വാഭാവികമായും ഉണ്ടാവുന്ന ഗതാഗത തടസ്സം കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിക്കും എന്നു മനസ്സിലാക്കി പോലീസ് കലുവയെ തടഞ്ഞു. കലുവ മരം മുറിക്കൽ തുടരുകയും സുബോധ് പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് വെട്ടുകയും ചെയ്തു. വെട്ട് കൊണ്ട് കയ്യിൽ നിന്ന് രക്തം ഒലിച്ചപ്പോഴും സുബോധ് കലുവയോട് മരം മുറി നിർത്താൻ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. പിന്മാറാൻ തയ്യാറാവാതിരുന്ന കലുവയും കൂടെയുള്ളവരും പൊലീസ് ഇൻസ്‌പെക്ടർക്കെതിരെ കല്ലേറ് തുടങ്ങി.
ആക്രമണം രൂക്ഷമായപ്പോൾ പിന്തിരിഞ്ഞ സുബോധിനെ കലുവ, പ്രശാന്ത് നാഥ്, സുമിത് എന്നീ മൂന്നു പേർ ചേർന്ന് പിന്തുടർന്നു. സ്വയരക്ഷക്കായി സുബോധ് വെടിയുതിർത്തു. ഇതിൽ പ്രകോപിതനായ പ്രശാന്ത് നാഥ് സുബോധിനു നേരെ വെടിയുതിർത്തു. ശേഷം, ജനക്കൂട്ടം പോലീസ് സ്‌റ്റേഷൻ ആക്രമിച്ചു, പോലീസ് വാഹനങ്ങൾ അടക്കം തീയിട്ട് നശിപ്പിച്ചു. കഴിഞ്ഞ ആഴ്ചയാണ് പ്രശാന്ത് നാഥിനെ പോലീസുകാരനെ കൊന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. പ്രശാന്ത് നാഥിനെതിരെ എല്ലാ തെളിവുകളും കയ്യിലുണ്ടെന്നും പ്രതി കുറ്റം സമ്മതിച്ചെന്നും പോലീസ് പറയുന്നു. ഒരു ദൃക്‌സാക്ഷി പ്രശാന്തിനെതിരെയും കലുവക്കെതിരെയും മൊഴി നൽകിയിട്ടുണ്ട്.
കലാപത്തിന്റെ ആസൂത്രകനായ ബജ്‌രംഗദള്‍ നേതാവ് ശിഖര്‍ അഗര്‍വാളിനെ പൊലീസ് പിടികൂടിയിരുന്നു.