Sorry, you need to enable JavaScript to visit this website.

കനയ്യ കുമാറിനും ഉമർ ഖാലിദിനുമെതിരെ രാജ്യദ്രോഹം

ന്യൂദൽഹി- ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി മുൻ വിദ്യാർഥി യൂണിയൻ നേതാവ് കനയ്യ കുമാർ, ഉമർ ഖാലിദ് എന്നിവർക്ക് എതിരെ ദൽഹി പോലീസ് കുറ്റപത്രം ചുമത്തി. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചു, സമരത്തിന് നേതൃത്വം നൽകി തുടങ്ങിയവയാണ് പ്രധാന കുറ്റങ്ങൾ. ഫെബ്രുവരി 2016-നാണ് ജെ.എൻ.യുവിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ മുദ്രാവാക്യം വിളിച്ചുവെന്നാണ് കേസ്. ഇരുവർക്കും പുറമെ അനിർബാൻ ഭട്ടാചാര്യ കശ്മീർ സ്വദേശികളായ 
അക്വിബ് ഹുസൈൻ, മുജീബ് ഹുസ്സൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൾ, റയീസ് റസൂൽ, ബാഷാരത് അലി, ഖാലിദ് ബഷീർ ഭട്ട് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
രാജ്യദ്രോഹത്തിന് ( ഐ.പി.സി 124 എ), പുറമെ കലാപം ഉണ്ടാക്കൽ (147), അനധികൃതമായി സംഘം ചേരൽ (149) എന്നിവ ആണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
കനയ്യ കുമാർ ആണ് പ്രകടനത്തിനും, മുദ്രാവാക്യം വിളിക്കും നേതൃത്വം നൽകിയത് എന്നാണ് കുറ്റപത്രത്തിലുള്ളത്. പ്രകടനത്തിൽ പങ്കെടുത്ത 36 പേർക്ക് സംഭവത്തിൽ നേരിട്ട് പങ്കില്ലെന്നും കുറ്റപത്രത്തലുണ്ട്. സി.പി.ഐ നേതാവ് ഡി. രാജയുടെ മകൾ അപരാജിതയെ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കി. അതേസമയം, ഇവരെ ചോദ്യം ചെയ്യലിന് വിളിപ്പിക്കും. 1200 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. രാഷ്ട്രീയലക്ഷ്യത്തോടെയുണ്ടാക്കിയ കുറ്റപത്രമാണെന്ന് കനയ്യ കുമാർ പ്രതികരിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും കനയ്യ പറഞ്ഞു.
 

Latest News