ഗുവാഹത്തി- അസ്സം സമ്പത്തിക മന്ത്രി ഹിമാന്ത ബിശ്വ ശര്‍മക്കെതിരെ അസ്സമിലെ മുസ്ലീം സംഘടനകള്‍. അസ്സമിലെ ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനുളള ശ്രമമാണ് മന്ത്രി നടത്തുന്നതെന്ന് വിവിധ സംഘടനകള്‍ ആരോപിക്കുന്നു. അസ്സമിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ മന്ത്രി തുടര്‍ച്ചയായി നടത്തുന്ന വിദ്വേഷ പ്രസ്താവനകള്‍ക്കെതിരെയാണ് സംഘടനകള്‍ രംഗത്തു വന്നത്.
സംസ്ഥാനത്തെ മുസ്ലിംകള്‍ പാകിസ്ഥാന്‍ രാഷ്ട്ര പിതാവ് മുഹമ്മദ് അലി ജിന്നയുടെ പിന്‍മുറക്കാരാണെന്നും പൗരത്വ ബില്‍ നടപ്പാക്കുന്നത് ബംഗാളി ഹിന്ദുക്കളെ ഉപയോഗിച്ച് ജിന്നയുടെ പിന്‍മുറക്കാര്‍ അസ്സമിലെ 17 മണ്ഡലങ്ങള്‍ പിടിച്ചടക്കുന്നത് ഒഴിവാക്കാനാണെന്നും ശര്‍മ അടുത്തിടെ പറഞ്ഞിരുന്നു.
'ആര്‍ക്കും ബില്ലിനെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാം. അത് ജനാധിപത്യപരമായ അവകാശമാണ്. പക്ഷെ, അതിന്റെ പേരില്‍ നാറിയ രാഷ്ട്രീയം കളിക്കുന്നതും സംസ്ഥാനത്തെ ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുന്നതും അംഗീകരിക്കാനാവില്ല,' ബ്രഹ്മപുത്ര വാലി സിവില്‍ സൊസൈറ്റിയുടെ ഭാരവാഹിയും സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകനുമായ ഹാഫിസ് റാഷിദ് അഹമ്മദ് ചൗധരി പറഞ്ഞു.
മന്ത്രി നിരന്തരമായ വിദ്വേഷ പ്രസംഗങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും സംസ്ഥാനത്തെ ഭിന്നിപ്പിക്കാനും ജനങ്ങളുടെ മനസ്സില്‍ ഭീതി നിറക്കാനും ശ്രമിക്കുകയാണെന്നും ചൗധരി പറഞ്ഞു. ശര്‍മക്കും എഐയുഡിഎഫ് നേതാവ് ബദറുദ്ദീന്‍ അജ്മലിനും സംസ്ഥാനത്തെ ഭിന്നിപ്പിക്കാനുളള ഹിഡണ്‍ അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലിംകള്‍ക്ക് 52 ഇസ്ലാമിക രാജ്യങ്ങളുണ്ടെന്നും അവിടേക്ക് പോവാമെന്നും ശര്‍മ അടുത്തിടെ പറഞ്ഞിരുന്നു. 'മന്ത്രി ഇത്തരത്തിലുളള പ്രസ്താവനകള്‍ നടത്തിക്കൊണ്ടേ ഇരിക്കുകയാണ്. ഇതെല്ലാം ഞങ്ങളെ വേദനിപ്പിക്കുന്നുണ്ട്,' ്അസ്സം മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പള്‍ തൗഫീകു റഹ്മാന്‍ ബോര്‍ബോറ പറഞ്ഞു.
ഭരമഘടനാ വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. മന്ത്രി സ്ഥാനത്ത് തുടരാന്‍ ശര്‍മക്ക് യോഗ്യതയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.