മുംബെ- അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തിന്റെ അവസാന ചിത്രം തെളിഞ്ഞു. ധാരണ പ്രകാരം 48 സീറ്റുകളില്‍ 45 എണ്ണത്തില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കും. മൂന്ന് സിറ്റുകളില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും ഒറ്റക്ക് ജയിക്കാന്‍ കഴിയുന്ന രണ്ടോ മൂന്നോ സീറ്റുകളില്‍ പാര്‍ട്ടി ഒറ്റക്ക് മല്‍സരിക്കുമെന്നും എന്‍സിപി പ്രസിഡന്റ് ശരദ് പവാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം വന്നത്്.
ധാരണ പ്രകാരം, എന്‍സിപിയുടെ സീറ്റുകളില്‍ നിന്നൊന്ന് രാജു ഷെട്ടിയുടെ സ്വാഭിമാന ഷേട്ട്കാരി സംഘതന പാര്‍ട്ടിക്ക് നല്‍കും. കോണ്‍ഗ്രസ് ചില സീറ്റുകള്‍ ഇടതു പാര്‍ട്ടികള്‍ക്കും നല്‍കും.
അതിനിടെ, ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുമായി സഖ്യമുണ്ടാവില്ല എന്ന് ശരദ് പവാര്‍ വ്യക്തമാക്കി. രാജു ഷെട്ടിയുടെ പാര്‍ട്ടിക്ക് കോലാപൂരിലെ ഹട്ട്കനാംഗലെ സീറ്റാവും നല്‍കുക. വര്‍ധ സീറ്റിന് വേണ്ടി പാര്‍ട്ടി ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും അത് കോണ്‍ഗ്രസിന്റെ സീറ്റ് ആണെന്നും തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും ശരദ് പവാര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം ഉടന്‍ ഇടതുപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്നും ശരദ് പവാര്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും സഖ്യം തുടരാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെുപ്പില്‍ ഇരു പാര്‍ട്ടികളും ഒറ്റക്ക് തെരഞ്ഞെടുപ്പ് നേരിട്ടതിനെ തുടര്‍ന്ന് കനത്ത പരാജയം ഏറ്റു വാങ്ങിയിരുന്നു. അതിനിടെ, സഖ്യ രൂപീകരണത്തെ സംബന്ധിച്ച് ബിജെപിക്കും ശിവസേനക്കും ഇടയില്‍ ആശയക്കുഴപ്പം തുടരുകയാണ്. ശിവസേനയെക്കൂട്ടാതെ ഒറ്റക്ക് മല്‍സരിക്കുമെന്ന സൂചന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേരത്തെ നല്‍കിയിരുന്നു. ശിവസേനയെ തോല്‍പ്പിക്കാന്‍ കഴിവുളളവര്‍ ജനിച്ചിട്ടില്ല എന്നായിരുന്നു പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെയുടെ മറുപടി.