ഗ്വാദര്‍- പാക്കിസ്ഥാനില്‍ ആയിരം കോടി ഡോളറിന്റെ എണ്ണ സംസ്‌കരണ ശാല സ്ഥാപിക്കാന്‍ സൗദി അറേബ്യക്ക് പദ്ധതി. ചൈനീസ് സഹായത്തോടെ വികസിപ്പിക്കുന്ന ഗ്വാദര്‍ ആഴക്കടല്‍ തുറമുഖ തീരത്താണ് റിഫൈനറി സ്ഥാപിക്കുകയെന്ന് സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.
പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച മന്ത്രി ഗ്വാദര്‍ തുറമുഖത്ത് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുന്നതിന് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതിനിടയിലാണ് സൗദി അറേബ്യയുടെ പുതിയ വാഗ്ദാനം. ക്രൂഡ് ഇറക്കുതിയിലടക്കം പാക്കിസ്ഥാനെ സഹായിക്കുന്നതിന് 600 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് കഴിഞ്ഞ വര്‍ഷം സൗദി പ്രഖ്യാപിച്ചിരുന്നു.
ചൈന -പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയില്‍ പാക്കിസ്ഥാനോടൊപ്പം പങ്കാളിത്തം വഹിച്ചും ഓയില്‍ റിഫൈനറി സ്ഥാപിച്ചും പാക്കിസ്ഥാന്റെ സാമ്പത്തിക വികസനം സുസ്ഥിരമാക്കാനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്ന് ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.
കരാറില്‍ ഒപ്പുവെക്കുന്നതിന് സൗദി കിരീടാവകാശ മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്ത മാസം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. പാക്കിസ്ഥാനിലെ മറ്റു മേഖലകളിലും സൗദി പുതിയ നിക്ഷേപം നടത്തുമെന്ന് മന്ത്രി അറിയിച്ചു.
ഗ്വാദറില്‍ ഓയില്‍ റിഫൈനറി സ്ഥാപിക്കുന്നതോടെ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) പദ്ധതിയില്‍ സൗദി അറേബ്യ മുഖ്യപങ്കാളിയാകുകയാണെന്ന് പാക്കിസ്ഥാന്‍ പെട്രോളിയം മന്ത്രി ഗുലാം സര്‍വര്‍ ഖാന്‍ പറഞ്ഞു.