ന്യൂദല്‍ഹി- മീ ടൂ വിവാദങ്ങള്‍ക്കിടയില്‍ സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിലെ സ്ത്രീ പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തു വിട്ട് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം. പുതിയ കണക്കുകള്‍ പ്രകാരം, 2017 മുതല്‍ രാജ്യത്തെ തൊഴിലിടങ്ങളില്‍ 169 സ്ത്രീകള്‍ പീഡനത്തിനിരയായി എന്ന് കണക്കുകള്‍ പറയുന്നു. ഓണ്‍ലൈനായാണ് ഇരകള്‍ പരാതി ഉന്നയിച്ചത്. തൊഴിലിടങ്ങളിലെ പരാതികള്‍ ഉന്നയിക്കാനായി വനിതാ-ശിശു വികസന മന്ത്രാലയം ഷീ ബോക്‌സ് എന്ന പേരില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ മന്ത്രാലയം സ്വീകരിച്ചത്. 33 പരാതികള്‍ മഹാരാഷ്ട്രയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് 23 പരാതികളാണ് വന്നത്.
ഇതിന് പുറമേ, സര്‍ക്കാര്‍ മേഖലയില്‍ നിന്നും പരാതികള്‍ വന്നിട്ടുണ്ട്. വിവിധ കേന്ദ്ര വകുപ്പുകള്‍ 2017 മുതല്‍ 141 പരാതികള്‍ സ്വീകരിച്ചിട്ടുണ്ട്. സാമ്പത്തിക മന്ത്രാലയത്തില്‍ 21 ജീവനക്കാര്‍ പരാതി നല്‍കിയപ്പോള്‍ പ്രതിരോധ മന്ത്രാലയത്തിലെയും വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെയും 16 ജീവനക്കാര്‍ പരാതികള്‍ ഉന്നയിച്ച് അധികൃതരെ സമീപിച്ചു.
മീ ടു ക്യാമ്പയിന്‍ തുടങ്ങിയ ശേഷമാണ് തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ നിയന്ത്രിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനുമായി കേന്ദ്ര വനിതാ-ശിശൂ വികസന മന്ത്രാലയം ഓണ്‍ലൈന്‍ സംവിധാനം തുടങ്ങിയത്.