ഇൻഡോർ- ഇരുപത്തിരണ്ടു വയസുകാരിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ബി.ജെ.പി നേതാവും മൂന്നു മക്കളും ദൃശ്യം സിനിമ നിരവധി തവണ കണ്ടുവെന്ന് വെളിപ്പെടുത്തൽ. 2015-ൽ ബോളിവുഡ് താരം അജയ്‌ദേവ്ഗൺ അഭിനയിച്ച സിനിമയാണ് ദൃശ്യം. മലയാളത്തിൽ ഇറങ്ങിയ ഈ സിനിമ പിന്നീട് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയായിരുന്നു. ഇൻഡോർ ഡപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ(ഡി.ഐ.ജി) ഹരിനാരായണൻചരി മിശ്രയാണ് കൊലപാതകികൾക്ക് ദൃശ്യം സിനിമ പ്രചോദനമായത് എന്ന കാര്യം വെളിപ്പെടുത്തിയത്. ബി.ജെ.പി നേതാവ് ജഗദീഷ് കരോട്ടിയ എന്ന കല്ലു പഹ്‌ലാവൻ(65), മൂന്നു മക്കളായ അജയ്(36), വിജയ്(38) വിനയ്(31), സഹായി നീലേഷ് കശ്യപ് (28) എന്നിവരാണ് പിടിയിലായത്. ബൻകാന ഏരിയയിൽനിന്നുള്ള ട്വിങ്കിൾ ഡാഗ്‌രേയുടെ കൊലപതാകവുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി നേതാവും മക്കളും സഹായിയും പിടിയിലായത്. കരോട്ടിയയുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നുവെന്നും അയാളോടൊപ്പം ജീവിക്കാൻ യുവതി തീരുമാനിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2016 ഒക്‌ടോബർ 16നാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മൃതദേഹം കത്തിക്കുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഒരിടത്ത് ഇവർ നായയുടെ മൃതദേഹം കുഴിച്ചിട്ടിരുന്നു. ഇവിടെ ഒരാളെ കൊന്ന് കുഴിച്ചിട്ടിരിക്കുന്നുവെന്ന കാര്യം ഇവർ തന്നെ പ്രചരിപ്പിക്കുകയും ചെയ്തു. പോലീസ് എത്തി പരിശോധിച്ചപ്പോൾ നായയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തുടർന്ന് പോലീസ് നാർകോ പരിശോധന നടത്തിയാണ് തെളിവു ശേഖരിച്ചത്. ഗുജറാത്ത് ലബോറട്ടിയിൽ നടത്തിയ പരിശോധനയിലാണ് കൊലപാതകത്തിലേക്കുള്ള തെളിവ് ലഭിച്ചത്. ബി.ജെ.പി മുൻ എം.എൽ.യുടെ നിർദ്ദേശപ്രകാരമാണ് കൊല നടത്തിയത് എന്ന് ആരോപണമുണ്ടായിരുന്നു. എന്നാൽ എം.എൽ.എയുടെ പങ്കിനെ പറ്റി തെളിവില്ലെന്നാണ് പോലീസ് പറയുന്നത്.