ലഖ്‌നൗ- ഉത്തർപ്രദേശിൽ മഹാസഖ്യത്തിൽനിന്ന് പുറത്തായ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച് കരുത്തുകാട്ടാനുള്ള ശ്രമം തുടങ്ങി. സംസ്ഥാനത്തെ 80 ലോക്‌സഭ സീറ്റുകളിലും മത്സരിക്കാൻ പാർട്ടി തീരുമാനിച്ചു. കോൺഗ്രസ് ദേശീയ പ്രസിഡന്റ് രാഹുൽ ഗാന്ധി സംസ്ഥാനത്ത് പതിമൂന്ന് തെരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിക്കും. ഉത്തർപ്രദേശിനെ പതിമൂന്ന് സോണുകളായി തിരിച്ചാണ് രാഹുലിന്റെ റാലി നടക്കുക. ഓരോ സോണിലും ആറ് ലോക്‌സഭ മണ്ഡലങ്ങളായിരിക്കും ഉണ്ടാകുക. ഓരോ സോണിലും നടക്കുന്ന റാലിയിൽ രാഹുൽ പ്രസംഗിക്കും. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ഉത്തർപ്രദേശം സംസ്ഥാന കോൺഗ്രസ് നേതാവ് രാജ് ബബ്ബാർ എന്നിവരാണ് പാർട്ടി പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽനിന്നായിരിക്കും രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി തുടങ്ങുക. ഹാപുർ, മൊറാദാബാദ്, ഷഹ്‌റാൻപൂർ എന്നിവടങ്ങളിലായിരിക്കും ആദ്യറാലികൾ. ഉത്തർപ്രദേശിലെ ജനങ്ങളിൽനിന്ന് പാർട്ടിക്ക് നിരവധി ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു യു.പിയിലെ തെരഞ്ഞെടുപ്പ് സഖ്യത്തിൽ കോൺഗ്രസ് ഉൾപ്പെടാത്തതിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം മറുപടി പറഞ്ഞത്. യു.പിയിൽ 38 വീതം സീറ്റുകളിലായിരിക്കും മായാവതിയുടെയും ബി.എസ്.പിയുടെയും സ്ഥാനാർഥികൾ മത്സരിക്കുക. റായ് ബറേലിയിലും അമേത്തിയിലും സ്ഥാനാർഥികളെ നിർത്തില്ല. ബാക്കിയുള്ള രണ്ടു സീറ്റുകൾ അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളിന് നൽകാനാണ് തീരുമാനം. ബി.എസ്.പിയുടെയും എസ്.പിയുടെയും നേതാക്കളോട് വലിയ ബഹുമാനമുണ്ടെന്നും സഖ്യം തീരുമാനിക്കാനുള്ള അവരുടെ അവകാശത്തെ മാനിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. സംസ്ഥാനത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നും മുഴുവൻ ശക്തിയും ഉപയോഗിച്ച് മത്സരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. 1992-ൽ ബാബരി മസ്ജിദ് തകർത്ത ശേഷം യു.പിയിൽ അധികാരത്തിലെത്താൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. സമാജ് വാദി പാർട്ടിയും ബി.എസ്.പിയുമാണ് പിന്നീട് യു.പിയെ മാറിമാറി ഭരിച്ചത്. 2017-ൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം തൂത്തുവാരുകയും ചെയ്തു. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൺപതിൽ 71 സീറ്റുകളും ബി.ജെ.പി നേടി. എന്നാൽ ഈയിടെ ഗോരഖ്പുർ, ഫുൽപുർ എന്നിവടങ്ങളിലെ ലോക്‌സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി.എസ്.പി-എസ്.പി-കോൺഗ്രസ് സഖ്യം മികച്ച വിജയം സ്വന്തമാക്കി. അതേസമയം, മുഴുവൻ സീറ്റുകളിലും മത്സരിക്കാനുള്ള കോൺഗ്രസ് നീക്കം എസ്.പിയുടെയും ബി.എസ്.പിയുടെയും വോട്ടിംഗ് ശതമാനത്തിൽ കുറവുവരുത്താൻ ഇടയുണ്ട്.