ജമ്മു-രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ കത്വ ബലാല്‍സംഗകേസിന് ഒരു വര്‍ഷത്തിന് ശേഷം ബകര്‍വാള്‍ സമുദായത്തില്‍ നിന്ന് മറ്റൊരു ഇര കൂടി. കശ്മീരിലെ റംബന്‍ ജില്ലയില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കാലിയെ മേയ്ക്കുന്നതിന്നിടെയാണ് പതിമൂന്നുകാരി പെണ്‍കുട്ടി ബലാല്‍സംഗംചെയ്യപ്പട്ടത്.
ഭയം മൂലം പെണ്‍കുട്ടി വിവരം മറച്ചു വെക്കുകയായിരുന്നുവെന്നും മൂന്ന് മാസം ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയ ശേഷമാണ് കുടുംബത്തോട് വിവരം പങ്കു വെച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരം പുറത്തു പറഞ്ഞതിന് ശേഷം, ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ജീവന് ഭീഷണിയുളളതിനാല്‍ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കുകയും ചെയ്തു.
നാലോ അഞ്ചോ പേര്‍ ചേര്‍ന്നാണ് കുട്ടിയെ പീഢിപ്പിച്ചതെന്ന് പിതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പിതാവ് പറഞ്ഞു. സംഭവത്തിന് കശ്മീരില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. മുസ്ലിംകളെ കശ്മീരില്‍ നിന്ന് ആട്ടിയോടിക്കാനാണ് ഇതുപോലുളള അക്രമങ്ങള്‍ നടത്തുന്നതെന്ന് സംഘടനകള്‍ ആരോപിക്കുന്നു. ഇത് തന്നെയായിരുന്നു കത്വ ബലാല്‍സംഗത്തിന്റെ പിന്നിലെ ഉദ്ദേശ്യമെന്നാണ് സംഘടനകളുടെ ആരോപണം.
കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിനാണ് കുറ്റാന്വേഷണ ചുമതല.
സമാനമായ സംഭവത്തില്‍ കത്വയില്‍ ആസിഫ എന്ന പെണ്‍കുട്ടി ബലാല്‍സംഗത്തിന്നിരയായ ശേഷം കൊല്ലപ്പെട്ടിരുന്നു. രാജ്യവ്യാപകമായ പ്രതിഷേധങ്ങളാണ് ആസിഫക്ക് നീതി തേടി നടന്നത്.
ഗോത്ര വര്‍ഗമാണ് ആസിഫയുടെ സമുദായമായ ബകര്‍വാല്‍. മധേഷ്യയില്‍ നിന്ന് നൂറ്റാണ്ടുകള്‍ മുന്നെ ഇന്ത്യയിലെത്തിയവരാണ് ഗുജ്ജറുകള്‍ (ഗുര്‍ജരന്‍മാര്‍). അവരിലെ ദേശാടനക്കാരാണ് ബക്കര്‍വാലുകള്‍. മറ്റു സംസ്ഥാനങ്ങളില്‍ ഗുജ്ജര്‍ വിഭാഗങ്ങള്‍ ഒബിസിക്കാരായാണ് പരിഗണിക്കപ്പെടുന്നതെങ്കില്‍ ജമ്മു കശ്മീരില്‍ അവര്‍ പട്ടികവര്‍ഗമാണ്.
ജമ്മു കാശ്മീരിലെ വ്യത്യസ്ത സമുദായങ്ങള്‍ക്കിടയിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരാണ് ബക്കര്‍വാലുകള്‍. നല്ലൊരു വിഭാഗം മുഴുസമയ നാടോടികളാണ്; ചിലര്‍ അര്‍ദ്ധ നാടോടികളും ചുരുക്കം ചിലര്‍ സ്ഥിരവാസികളും. കന്നുകാലി വളര്‍ത്തലാണ് (പ്രത്യേകിച്ച് ആട്, ചെമ്മരിയാട് തുടങ്ങിയവ) പ്രധാന ഉപജീവന മാര്‍ഗം. ജമ്മുവിന്റെ വിവിധ പ്രദേശങ്ങളിലാണ് ഇവര്‍ കൂടുതലായി കാണപ്പെടുന്നത്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബകര്‍ വാല്‍ സാന്നിധ്യമുണ്ട്. വസന്ത കാലത്തിന്റെ തുടക്കത്തില്‍ ആടുകളും കുതിരകളും കാവല്‍ നായ്ക്കളുമൊക്കെയടങ്ങുന്ന വലിയ മൃഗപറ്റങ്ങളുമായി ദേശാടനത്തിനിറങ്ങുന്ന ഇവരില്‍ നല്ലൊരു വിഭാഗവും ശൈത്യകാലത്തിന്റെ ആരംഭം വരെ കശ്മീരിന്റെ വിവിധ പുല്‍മേടുകളില്‍ അലയുന്നു. വര്‍ഷം മുഴുവനും നാടോടികളായി കഴിയുന്നവരും ഉണ്ട്.ഗുജജറുകളുടെ പൊതു ഭാഷയായ ഗോജ്രിയാണ് ഇവരു സംസാരഭാഷ. ഉര്‍ദുവിനോട് ഏറെ സാമ്യമുണ്ട് ഇതിന്. ഉര്‍ദു ഹിന്ദി കടന്നു കയറ്റത്തില്‍ വലിയ ഭീഷണി നേരിടുന്നുണ്ട് ഇവരുടെ ഭാഷയും.