Sorry, you need to enable JavaScript to visit this website.

പ്രാവിനെ മോഷ്ടിച്ചെന്നാരോപിച്ച് 70കാരനെ കഴുത്ത് ഞെരിച്ചു കൊന്നു; 9 പേര്‍ പിടിയില്‍ 

മുംബൈ- വളര്‍ത്തു പ്രാവിനെ മോഷ്ടിച്ച് മാംസം കഴിച്ചെന്നാരോപിച്ച് 70-കാരനായ വയോധികനെ ക്രൂരമായി കൊലപ്പെടുത്തു. മഹാരാഷട്രയിലെ വാസായ് വെസ്റ്റില്‍ വെള്ളിയാഴ്ച രാത്രിയാണ് ദാരുണ സംഭവം. കേസില്‍ പ്രതികളായ ഒമ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ ഉള്‍പ്പെടുന്ന ആള്‍ക്കൂട്ടം വെള്ളിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ട രാമചന്ദ്ര ഷന്‍വര്‍ റാവത്തിന്റെ വീട്ടിലെത്തിയത്. സമീപത്തു നിന്നും കാണാതായ പ്രാവിനെ ചൊല്ലി ഇവര്‍ റാവത്തുമായി തര്‍ക്കിച്ചു. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് റാവത്ത് പറഞ്ഞെങ്കിലും സംഘത്തിലുണ്ടായിരുന്ന ഒരാള്‍ വയോധികനെ മര്‍ദിച്ച് കഴുത്ത് ഞെരിക്കുകയായിരുന്നു. പ്രാവിനെ മോഷ്ടിച്ച് കൊന്ന് തിന്നു എന്നാരോപിച്ചായിരുന്നു ആക്രമണമെന്ന് വസായ് ഗാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര കാംബ്ലെ പറഞ്ഞു.

മര്‍ദനത്തെ തുടര്‍ന്ന് മകന്‍ റാവത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിനു മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് മകനാണ് പോലീസില്‍ പരാതി നല്‍കിയത്. കൊലപാതകം, വീട്ടില്‍ അതിക്രമിച്ചു കടക്കല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ മയൂര്‍ സചിന്‍ റാവത്ത്, സചിന്‍ ഘരാത്, അവിനാഷ് തണ്ടല്‍, അഭിഷേക് രാജു കൊലേക്കര്‍, സുരേക രാജു കൊലേക്കര്‍, സ്‌നേഹ സചിന്‍ ഘരാത്, രജ്ഞന ചന്ദ്രകാന്ത് തണ്ടല്‍, രാജു തുക്കാറാം കൊലേക്കര്‍, റീന സചിന്‍ ഘരാത് എന്നിവരെ വസായ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

Latest News