റായ്പൂര്‍- കോച്ചുന്ന ശൈത്യകാല തണുപ്പാണ് ഇപ്പോള്‍ ഉത്തരേന്ത്യയൊട്ടാകെ. ചൂടുള്ള ഒരു കപ്പ് ചായ ഈ തണുപ്പില്‍ ആരേയും കൊതിപ്പിക്കുന്നതാണ്. എന്നാല്‍ ഈ ഒരു കപ്പ് ചായ മാത്രം മതിയോ പൂര്‍ണ ആരോഗ്യത്തോടെ ഒരാള്‍ക്ക് ജീവിക്കാന്‍? ഈ ചോദ്യത്തിന് അതെ എന്ന ഉത്തരം നല്‍കാന്‍ ഛത്തീസ്ഗഢില്‍ ഒരു യുവതിയുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ദിവസവും ഒരു കപ്പ് ചായയില്‍ ജിവിതം തള്ളി നീക്കുന്ന 44-കാരി പില്ലി ദേവി. കൊറിയ ജില്ലയിലെ ബരാഡിയ ഗ്രാമത്തിലാണ് 'ചായ് വാലി ചാച്ചി' എന്നു നാട്ടുകാര്‍ വിളിക്കുന്ന പില്ലി ദേവിയുടെ അപൂര്‍വ ജീവതം. കനത്തില്‍ എന്തെങ്കിലും അവസാനമായി കഴിച്ചത് പതിനൊന്നാം വയസ്സിലാണ്. ആറാം ക്ലാസില്‍ പഠിക്കുന്നതിനിടെയാണ് ദേവി ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിയതെന്ന് അച്ഛന്‍ രതി റാം പറയുന്നു.
ഒരു ജില്ലാതല കായിക മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷം പിന്നീട് ഭക്ഷണമോ വെള്ളമോ തൊട്ടിട്ടില്ല. ആദ്യ വര്‍ഷങ്ങളില്‍ ബിസ്‌ക്കറ്റുകളും ബ്രഡും പാല്‍ ചായയും കഴിച്ചിരുന്നെങ്കിലും പതിയെ അതും നിര്‍ത്തി. ഒരു കപ്പ് കട്ടന്‍ ചായയില്‍ മാത്രം ഒതുക്കി. അതും സൂര്യന്‍ അസ്തമിച്ച ശേഷം മാത്രമെ കുടിക്കൂ. 33 വര്‍ഷമായി ഇതാണു പില്ലി ദേവിയുടെ ജീവിതം. വീടിനു പുറത്ത് അപൂര്‍വ്വമായെ ഇറങ്ങാറുള്ളൂ. ശിവ ഭക്തയായ പില്ലി ദേവി പകല്‍ മിക്ക സമയത്തും ആരാധനകളില്‍ മുഴുകി കഴിയുകയാണ് പതിവ്.
ചായ അല്ലാത്ത മറ്റൊന്നും കഴിക്കാത്തത് വല്ല രോഗവും കൊണ്ടാണോ എന്ന സംശയത്തെ തുടര്‍ന്ന് പലയിടത്തും ചികിത്സ തേടിയെങ്കിലും ഒരു ആരോഗ്യ പ്രശ്‌നവുമില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് സഹോദരന്‍ ബിഹാരി ലാല്‍ രാജ്‌വാഡെ പറയുന്നു. പല ആശുപത്രികൡും കാണിച്ചു. ഭക്ഷണം ആവശ്യമില്ലാത്ത ഈ അവസ്ഥയുടെ കാരണം കണ്ടെത്താന്‍ ഒരു ഡോക്ടര്‍ക്കും ഇതുവരെ കഴിഞ്ഞില്ല-അദ്ദേഹം പറഞ്ഞു.
അതേസമയം ഇങ്ങനെ ഒരാള്‍ക്ക് ചായ കുടിച്ചു മാത്രം ജീവിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത് അമ്പരിപ്പിക്കുന്ന കഥയാണ്. ശാസ്ത്രീയമായി പറഞ്ഞാല്‍ ഒരു മനുഷ്യനും ഇങ്ങനെ 33 വര്‍ഷം ചായ മാത്രം കുടിച്ച് ജീവിക്കാന്‍ കഴിയില്ല. കുറഞ്ഞ ദിവസത്തേക്ക് വേണമെങ്കില്‍ ഇങ്ങനെ കഴിയാമെങ്കിലും, 33 വര്‍ഷം ഇങ്ങനെ തുടരല്‍ അസാധ്യമാണെന്നും കൊറിയ ജില്ലാ ആശുപത്രിയിലെ ഡോ. എസ്. കെ ഗുപ്ത പറയുന്നു.