ന്യൂദൽഹി- ഉത്തർപ്രദേശിൽ ഇന്നലെ പ്രഖ്യാപിച്ച ബി.എസ്.പി-എസ്.പി തെരഞ്ഞെടുപ്പ് സഖ്യം ബി.ജെ.പിക്ക് തലവേദനയും കോൺഗ്രസിന് ആശങ്കയും സൃഷ്ടിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.പിയിൽ 80 സീറ്റിൽ 71-ലും ബി.ജെ.പിയായിരുന്നു വിജയിച്ചത്. സമാജ് വാദി പാർട്ടി അഞ്ചും കോൺഗ്രസും അപ്നാദളും രണ്ടു വീതം സീറ്റുകളും നേടി. ഇതിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി മികച്ച വിജയം കൈവരിച്ചു. ഇതേതുടർന്നാണ് ബി.ജെ.പിക്കെതിരെ ബദ്ധവൈരികളായ മായാവതിയും അഖിലേഷ് യാദവും കൈകോർത്തത്. ബി.ജെ.പിക്കെതിരെ ഇരുവരും കൈ കോർക്കുന്നത് മോഡി ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്ന വരാണസി മണ്ഡലത്തിൽ പോലും ബി.ജെ.പിയെ പ്രതിരോധത്തിലാക്കുമെന്നാണ് സൂചന. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം യു.പിയിൽ ആൾക്കൂട്ട കൊലപാതകങ്ങളും പോലീസ് അതിക്രമങ്ങളും കൂടിയിരിക്കുകയാണ്. ഭരണത്തിനെതിരായ വൻ വികാരമാണ് സംസ്ഥാനത്ത് അലയടിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാൻ എസ്.പിയും ബി.എസ്.പിയും തീരുമാനിച്ചത്. അതേസമയം, കോൺഗ്രസിനെ മുന്നണിയിൽ എടുക്കാതെ ബി.ജെ.പിയുടേതിന് സാമാനമായ തൊട്ടുകൂടായ്മ കോൺഗ്രസിനോടും കാണിച്ചു. നിലവിൽ കോൺഗ്രസ് ദേശീയ പ്രസിഡന്റ് രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന അമേത്തിയിലും സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും എസ്.പി-ബി.എസ്.പി സഖ്യത്തിന് സ്ഥാനാർഥികളുണ്ടാകില്ലെന്നാണ് സൂചന. അതേസമയം, ഇവിടെ സഖ്യത്തിലെ ഏതെങ്കിലും ഒരു കക്ഷി മത്സരിക്കാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.പി തൂത്തുവാരിയ ബി.ജെ.പിക്ക് എസ്.പി-ബി.എസ്.പി സഖ്യം തീർക്കുന്ന തലവേദന ചെറുതായിരിക്കില്ല. ഈയിടെ നടന്ന ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളിൽ ബി.എസ്.പി-എസ്.പി-കോൺഗ്രസ് സഖ്യം വിജയിച്ചിരുന്നു. ഇതേ ഫോർമുല കോൺഗ്രസ് ഇല്ലെങ്കിലും നടപ്പാക്കി വിജയിപ്പിക്കാൻ പറ്റുമെന്നാണ് മായാവതിയുടെയും അഖിലേഷ് യാദവിന്റെയും കണക്കുകൂട്ടൽ. മഹാസഖ്യത്തിനൊപ്പം ചേരാൻ കഴിയാത്തത് കോൺഗ്രസിനെ നിരാശയിലാക്കിയിട്ടുണ്ട്. സഖ്യത്തിനൊപ്പം ചേർന്ന് പരമാവധി സീറ്റുകൾ ഒപ്പിച്ചെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിനാണ് യു.പിയിൽ തിരിച്ചടിയേറ്റത്. അതേസമയം, തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ബി.എസ്.പി-എസ്.പി കക്ഷികളുമായി കോൺഗ്രസ് സഖ്യമുണ്ടാക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.
കോൺഗ്രസിന്റെ വോട്ടുകൾ സമാജ് വാദിക്കോ ബി.എസ്.പിക്കോ ലഭിക്കുന്നില്ലെന്നതാണ് സഖ്യത്തിൽ കോൺഗ്രസിനെ ഉൾപ്പെടുത്താതിരിക്കാൻ കാരണമായി മായാവതി ചൂണ്ടിക്കാട്ടിയത്. കോൺഗ്രസ് 1996-ൽ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയപ്പോഴും 2017-ൽ എസ്.പിയുമായി സഖ്യമുണ്ടാക്കിയപ്പോഴും നേട്ടം കൊയ്യാനായില്ലെന്ന് മായാവതി പറഞ്ഞു. കോൺഗ്രസിന് ബി.എസ്.പിയും എസ്.പിയും വോട്ടുകൾ ചെയ്യുന്നുണ്ടെങ്കിൽ തിരിച്ചു ചെയ്യാനുള്ള മാന്യത കോൺഗ്രസ് കാണിക്കുന്നില്ല. 2017-ൽ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും യു.പിയിൽ വൻ തെരഞ്ഞെടുപ്പ് റാലികൾ നടത്തിയിട്ടും വിജയിക്കാനാകാതിരുന്നത് കോൺഗ്രസ് വോട്ടിന്റെ ചോർച്ച മൂലമാണ്. കോൺഗ്രസും ബി.ജെ.പിയും പ്രതിരോധ കരാറുകളിൽ അഴിമതി നടത്തിയെന്നും മായാവതി ആരോപിച്ചു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ യു.പിയിൽ ജാതി വിഭാഗങ്ങൾക്കിടയിൽ പ്രബല സ്വാധീനമുള്ള പാർട്ടികളാണ് ബി.എസ്.പിയും എസ്.പിയും. 552 അംഗ ലോക്‌സഭയിൽ 80 പേരും യു.പിയിൽ നിന്നുള്ളതാണ്. അടുത്ത ഏപ്രിൽ, മെയ് മാസങ്ങളിലായിരിക്കും ഇന്ത്യയിൽ തെരഞ്ഞെടുപ്പ്.