ന്യൂദല്‍ഹി- മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ 10 ശതമാനം സംവരണം നല്‍കുന്ന ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. സംവരണ നിയമം പ്രാബല്യത്തിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.
സംവരണത്തിനായി ഭരണഘടനയുടെ 15, 16 വകുപ്പുകളാണു ഭേദഗതി ചെയ്തത്. നിയമനിര്‍മാണത്തിനുള്ള ഭരണഘടനാപരമായ തടസ്സങ്ങള്‍ ഒഴിവാക്കുന്നതാണു ഭേദഗതി. 124 ാം ഭരണഘടനാ ഭേദഗതിയാണ് രാഷ്ട്രപതി അംഗീകരിച്ചത്. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി ദുര്‍ബലരായവര്‍ക്കു സര്‍ക്കാര്‍ ഉദ്യോഗത്തിലും സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്ത് ശതമാനം സംവരണം ലഭിക്കും.
കേന്ദ്ര സര്‍ക്കാര്‍ ഈയാഴ്ച ആദ്യം കൊണ്ടുവന്ന ബില്‍ ലോക്‌സഭയില്‍ മൂന്നിനെതിരെ 323 വോട്ടിനും രാജ്യസഭയില്‍ ഏഴിനെതിരെ 165 വോട്ടിനും പാസാക്കിയിരുന്നു. കോണ്‍ഗ്രസും സി.പി.എമ്മും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.