Sorry, you need to enable JavaScript to visit this website.

മറഡോണ മറക്കാത്ത അഞ്ച് ലോകകപ്പ് ഓര്‍മകള്‍

ഷിൽട്ടൺ എന്താണ് ചെയ്തത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. പ്രേതമോ അന്യഗ്രഹ ജീവിയോ വന്ന് ഷിൽറ്റനെ ഗോൾമുഖത്ത് റാഞ്ചിയോ? ഷിൽറ്റൻ എനിക്കു മുന്നിൽ ഗോൾമുഖം തുറന്നു തന്നു. അനായാസം ഞാൻ അയാളെ കടന്നു വലയിലേക്ക് പോയി. ഈ ഗോളിന്റെ വീഡിയൊ അമ്മ ഇടക്കിടെ കാണുമായിരുന്നു. കണ്ടിട്ട് മതിവരുന്നില്ലെന്ന് അവർ പറയും. 

ഡിയേഗൊ മറഡോണ എന്ന അതുല്യ കളിക്കാരനെക്കുറിച്ച ഓർമകൾ അയവിറക്കാത്ത ഒരു ഫുട്‌ബോൾ പ്രേമിയുമുണ്ടാവില്ല. എന്നാൽ മറഡോണയുടെ അഞ്ച് അവിസ്മരണീയ ലോകകപ്പ് ഓർമകൾ ഏതൊക്കെയാണ്. ഫിഫ വെബ്‌സൈറ്റുമായി മറഡോണ പങ്കുവെച്ച ഓർമകൡലൂടെ....

18 ജൂൺ 1982, അർജന്റീന 4 ഹംഗറി 1
(ആദ്യ ലോകകപ്പ് ഗോൾ)
എങ്ങനെയും പന്ത് വലയിലെത്തിക്കണമെന്നേ എനിക്ക് ആഗ്രഹമുണ്ടായിരുന്നുള്ളൂ. മറ്റൊരു ചിന്തയുമുണ്ടായിരുന്നില്ല. ബെൽജിയത്തിനെതിരായ ആദ്യ മത്സരം ഞങ്ങൾ തോറ്റിരുന്നു. 
അണ്ടർ-20 ലോകകപ്പിൽ ഞാൻ നിരവധി ഗോളുകളടിച്ചിട്ടുണ്ട്. എന്നാൽ യഥാർഥ ലോകകപ്പിൽ ഗോളടിക്കുന്നതിന്റെ അനുഭവവുമായി അതിനെയൊന്നും താരതമ്യം ചെയ്യാനാവില്ല. ഉറക്കപ്പായയിൽ അമ്മ പ്രാതൽ കൊണ്ടുവന്ന് തീറ്റിക്കുന്നതും തിരിച്ച് അമ്മയുടെ ചുണ്ടിൽ മുത്തം കൊടുക്കുന്നതും പോലെ സുഖകരമായ അനുഭവമാണ് ലോകകപ്പ് ഗോൾ. കലർപ്പില്ലാത്ത ആഹ്ലാദം. ഒരുപാട് കാര്യങ്ങളാണ് ആ മത്സരത്തിൽ നിങ്ങളുടെ മനസ്സിലൂടെ പോവുക. 
-ആ മത്സരത്തിൽ മറഡോണ രണ്ട് ഗോളാണ് സ്‌കോർ ചെയ്തത്. ഇരുപത്തെട്ടാം മിനിറ്റിലും അമ്പത്തേഴാം മിനിറ്റിലും. 

2 ജൂലൈ, 1982: അർജന്റീന 1 ബ്രസീൽ 3
(ബാറ്റിസ്റ്റയെ ചവിട്ടിയതിന് 
ചുവപ്പ് കാർഡ്)
ബാറ്റിസ്റ്റയോട് വർഷങ്ങൾക്കു ശേഷം ഞാൻ അതെക്കുറിച്ച് സംസാരിച്ചിരുന്നു. ഫാൽക്കാവോയോടും. 3-1 ന് ലീഡ് നേടിയതോടെ അവർ ഞങ്ങളെ പരിഹസിക്കാൻ ആരംഭിച്ചു. എനിക്കാണെങ്കിൽ തോൽക്കുമ്പോൾ സഹിക്കാനാവാത്ത അരിശമാണ് വരിക. ബാറ്റിസ്റ്റ വർഷങ്ങൾക്കു ശേഷം എന്നെ സമാധാനിപ്പിച്ചു: 'ഡിയേഗൊ, നമ്മുടെ ഉള്ളിലെ ഫുട്‌ബോൾ വികാരമാണ് ഞങ്ങളെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. നിങ്ങളാണ് 3-1 ലീഡ് നേടുകയും ഞങ്ങളെ പരിഹസിച്ച് പന്ത് അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഞാനും അതേ രീതിയിലാണ് പ്രതികരിക്കുക. സിരകളിലൂടെ രക്തമോടുന്ന ഏതു കളിക്കാരനും ദേഷ്യം വരും'. പക്ഷെ ഞാൻ ചവിട്ടിയത് തെറ്റായ കളിക്കാരനെയായിപ്പോയി. അവിശ്വസനീയം...
-എക്കാലത്തെയും മികച്ച ബ്രസീൽ ടീമുകളിലൊന്ന് എന്ന് കരുതപ്പെടുന്ന 1982 ലെ ടീം ബദ്ധവൈരികൾക്കെതിരെ 3-0 ന് ലീഡ് ചെയ്യുമ്പോഴാണ് മറഡോണ ചുവപ്പ് കാർഡ് കാണുന്നത്. പതിനൊന്നാം മിനിറ്റിൽ സീക്കോയും അറുപത്താറാം മിനിറ്റിൽ സെർജിഞ്ഞോയും എഴുപത്തഞ്ചാം മിനിറ്റിൽ ജൂനിയറും സ്‌കോർ ചെയ്തു. എൺപത്തഞ്ചാം മിനിറ്റിൽ മറഡോണ പുറത്തായെങ്കിലും കളി തീരാൻ ഒരു മിനിറ്റ് ശേഷിക്കെ റമോൺ ഡിയാസിലൂടെ അർജന്റീന ഒരു ഗോൾ മടക്കി. 

22 ജൂൺ 1986: അർജന്റീന 2 ഇംഗ്ലണ്ട് 1
(നൂറ്റാണ്ടിന്റെ ഗോൾ)
അതുപോലെയൊന്ന് പിന്നീട് ഞാൻ സ്‌കോർ ചെയ്തിട്ടില്ല. മറക്കാൻ കഴിയാത്ത നിരവധി ഗോളുകൾ ഞാൻ അടിച്ചിട്ടുണ്ടെന്നതു ശരി തന്നെ. പക്ഷെ ഇത് ലോകകപ്പിലാണ്. ഏതു കുട്ടിയുടെയും സ്വപ്‌നമാണ് അത്. ഒരുപാട് കളിക്കാരെ ഡ്രിബ്ൾ ചെയ്ത്, ഗോളി പീറ്റർ ഷിൽട്ടനെ പോലും വെട്ടിച്ച് ഗോളടിക്കുന്നത് സ്വപ്‌നം കാണാത്ത ആരാണ് ഉണ്ടാവുക. ഷിൽട്ടൺ എന്താണ് ചെയ്തത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. പ്രേതമോ അന്യഗ്രഹ ജീവിയോ വന്ന് ഷിൽറ്റനെ ഗോൾമുഖത്ത് റാഞ്ചിയോ? ഷിൽറ്റൻ എനിക്കു മുന്നിൽ ഗോൾമുഖം തുറന്നു തന്നു. അനായാസം ഞാൻ അയാളെ കടന്നു വലയിലേക്ക് പോയി. ഈ ഗോളിന്റെ വീഡിയൊ അമ്മ ഇടക്കിടെ കാണുമായിരുന്നു. കണ്ടിട്ട് മതിവരുന്നില്ലെന്ന് അവർ പറയും. പിന്നെയും പിന്നെയും ഇതു തന്നെയോ എന്ന് ഞാൻ ചോദിക്കും. അവർ പറയും:  മകൻ ഇതുപോലൊരു ഗോളടിക്കുന്നത് ഏതൊരു അമ്മയുടെയും മനസ്സ് ശാന്തമാക്കും. നിനക്ക് വേണമെങ്കിൽ പോയ്‌ക്കോ, ഞാൻ ഇത് കണ്ടു കൊണ്ടേയിരിക്കട്ടെ...
-മത്സരത്തിൽ രണ്ടു ഗോളാണ് മറഡോണ സ്‌കോർ ചെയ്തത്. അമ്പത്തൊന്നാം മിനിറ്റിലെ ആദ്യ ഗോൾ റഫറിയെ കബളിപ്പിച്ച് കൈ കൊണ്ട് തട്ടിയിട്ടതായിരുന്നു. നാലു മിനിറ്റിനു ശേഷമാണ് ആസ്റ്റക്ക സ്റ്റേഡിയത്തെയും ലോക ഫുട്‌ബോളിനെയും അമ്പരപ്പിച്ച മാന്ത്രിക ഗോൾ. ഗ്ലെൻ ഹോഡിലിനെ വെട്ടിച്ചാണ് മറഡോണ കുതിപ്പ് തുടങ്ങിയത്. പീറ്റർ റീഡും കെന്നി സാൻസമും ഞൊടിയിടയിൽ പിന്നിലായി. ടെറി ബുച്ചറെ രണ്ടു തവണ വെട്ടിച്ചു. ഫെൻവിക്കിനെയും കടന്ന മറഡോണ ഗോളി ഷിൽറ്റനെ കടത്തി പന്ത് വലയിലേക്കു പറത്തി.

3 ജൂലൈ 1990: ഇറ്റലി 1 അർജൻീന 1
(സെംഗക്കെതിരെ പെനാൽട്ടി ഗോൾ)
കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത് അൽപം വിചിത്രം തന്നെ. കളിക്കളത്തിൽ വെച്ചു തന്നെ ഇറ്റലിയുടെ ലൂയിജി അഗസ്റ്റീനിയും വാൾടർ സെംഗയും പറഞ്ഞു അവരാണ് വിജയം അർഹിച്ചതെന്ന്. എന്നാൽ കളിയിൽ വിജയം അർഹിക്കുക എന്നൊന്നില്ലല്ലോ, വിജയിക്കലല്ലേ ഉള്ളൂ. അവർക്ക് അവരുടേതായ വീക്ഷണം കാണാം, എനിക്ക് എന്റേതും. 
യൂഗോസ്ലാവ്യക്കെതിരായ മത്സരത്തിൽ ഞാൻ പെനാൽട്ടി പാഴാക്കിയിരുന്നു. അതിനാൽ സെന്റർ സർക്കിളിൽ നിന്ന് പെനാൽട്ടി സ്‌പോടിലേക്ക് നടക്കുമ്പോൾ സ്വയം പറഞ്ഞു, ഇതും പാഴാക്കുകയാണെങ്കിൽ നീയൊരു വിഡ്ഢിയാണ്. ഇതും മിസ്സാക്കുകയാണെങ്കിൽ നിന്നെ ഒരു വകക്ക് കൊള്ളില്ല. നിന്നെ സ്‌നേഹിക്കുന്ന എല്ലാവരെയും വഞ്ചിക്കലായിരിക്കും അത്. അമ്മയെയും അച്ഛനെയും സഹോദരങ്ങലെയും അർജന്റീനയിലെ മുഴുവൻ ജനതയെയും... എല്ലാവരെയും. ആ അടി സെംഗയെ കടന്നു പോയപ്പോൾ ആഹ്ലാദം അടക്കാനായില്ല. ഞാനാണ് ഇറ്റലിയെ ലോകകപ്പിൽ നിന്ന് പുറത്താക്കിയത്. 
-ലോകകപ്പ് സെമി ഫൈനലായിരുന്നു അത്. എതിരാളികൾ ആതിഥേയരായ ഇറ്റലി. മത്സരം നടക്കുന്നത് മറഡോണയുടെ നാപ്പോളി ക്ലബ്ബിന്റെ ഹോം സ്‌റ്റേഡിയത്തിൽ. സാൽവറ്റോർ സ്‌കിലാചിയിലൂടെ പതിനേഴാം മിനിറ്റിൽ ഇറ്റലി മുന്നിലെത്തി. അറുപത്തേഴാം മിനിറ്റിൽ ക്ലോഡിയൊ കനീജിയ ഗോൾ മടക്കി. ഷൂട്ടൗട്ടിൽ ആദ്യ മൂന്നു കിക്കും ഇരു ടീമുകളും ഗോളാക്കി. ഇറ്റലിയുടെ നാലാമത്തെ കിക്കെടുത്തത് റോബർടൊ ഡൊണഡോണി. സെർജിയൊ ഗൊയ്‌കോചിയ അത് രക്ഷിച്ചു. അർജന്റീനയുടെ കിക്കെടുത്ത മറഡോണക്ക് പിഴച്ചില്ല. ആൾഡൊ സെർനയുടെ കിക്കും ഗൊയ്‌കോചിയ രക്ഷിച്ചതോടെ അർജന്റീന ഫൈനലിൽ.

24 ജൂൺ 1990: അർജന്റീന 1 ബ്രസീൽ 0
(കനീജിയക്ക് മാസ്റ്റർപീസ് പാസ്)
ബ്രസീലുകാർ ആ ഗോളിന്റെ പേരിൽ അലിമാവോയെ കുറ്റം പറയാറുണ്ട്. യഥാർഥത്തിൽ അവരെ ഞൊടിയിടയിൽ ഞാൻ മറികടക്കുകയായിരുന്നു. ശരിക്കും ഞാൻ കീഴടക്കിയതും എന്നെ ഫൗൾ ചെയ്യാതിരിക്കാൻ ഞാൻ കൈമുട്ട് ഉപയോഗിക്കേണ്ടി വന്നതും ഡുംഗക്കെതിരെയാണ്. യഥാർഥത്തിൽ അലിമാവൊ അല്ല, ഡുംഗയാണ് ആ ഗോളിന് കാരണക്കാരൻ. കനീജിയ സ്‌കോർ ചെയ്തപ്പോൾ അച്ഛനും അമ്മക്കും എല്ലാ പുണ്യപുരുഷന്മാർക്കും ഞാൻ നന്ദി പറഞ്ഞു. കനീജിയ വലുതായൊന്നും ആഘോഷിച്ചില്ല. കൈ ഒന്നുയർത്തിയെന്നു മാത്രം. ആ ഗോൾ ഒന്നുമല്ലാത്തതു പോലെ. എന്താണ് നീ ചെയ്തതെന്നറിയാമോയെന്ന് ഞാൻ കനീജിയയോട് ചോദിച്ചു. ഒരു ഗോളടിച്ചു എന്നായിരുന്നു മറുപടി. ഞാൻ പറഞ്ഞു: അല്ല, നീ ഒരു സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കുകയാണ് ചെയ്തത്. 
കളി കഴിഞ്ഞ് തിരിച്ചുപോവുമ്പോൾ ഞാൻ ബ്രസീൽ ജഴ്‌സിയണിഞ്ഞു. എന്റെ സുഹൃത്ത് കരേക്കയോടുള്ള സ്‌നേഹം കൊണ്ടു മാത്രമായിരുന്നില്ല അത്. ബ്രസീലിനോടുള്ള സഹതാപം കൊണ്ടു കൂടിയായിരുന്നു. ബ്രസീലിൽ നിന്ന് ഞങ്ങൾ വിജയം തട്ടിയെടുക്കുകയായിരുന്നു. അവരായിരുന്നു മുന്നേറേണ്ടിയിരുന്നത്. മത്സരത്തിലുടനീളം അവർ ഞങ്ങളെ പ്രതിരോധത്തിൽ നിർത്തി. പക്ഷെ ഞങ്ങൾ ജയിച്ചു. അതുകൊണ്ടാണ് ഫുട്‌ബോൾ ഏറ്റവും മനോഹരമായ ഗെയിമാവുന്നത്. 
-1990 ലോകകപ്പിലെ പ്രി ക്വാർട്ടർ ഫൈനലായിരുന്നു അത്. എൺപത്തൊന്നാം മിനിറ്റിലായിരുന്നു കനീജിയയുടെ ഗോൾ. ബ്രസീൽ പുറത്തായി. അർജന്റീന ഫൈനൽ വരെ മുന്നേറി. 

 

Latest News