ഒരു വിരൽതുമ്പിന്റെ അകലത്തിൽ ലോകത്തിന്റെ സ്പന്ദനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ അറിയുന്ന മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ ദിനംപ്രതിയെന്നോണം മാറിമറിഞ്ഞു കൊണ്ടിരിക്കുകയാണ്.
ഓരോ നിമിഷത്തിലും തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് കുതിക്കുകയാണിന്ന് നാം. അത് നഗരങ്ങളിലെന്ന പോലെ ഓരോ ഗ്രാമത്തിന്റെയും നാട്ടുവഴികളിൽ പോലും പ്രകടമായി കണ്ട് വരുന്നുണ്ട് ഇപ്പോൾ.
ഒരു പത്തോ പതിനഞ്ചോ വർഷം മുമ്പുള്ള ഒരു ചെറു ഗ്രാമമോ നാൽക്കവലയോ ഇന്ന് കേരളത്തിൽ കണ്ടെത്തുക എന്നുള്ളത് പ്രയാസമുള്ള കാര്യം തന്നെയാണ്. ( ഗ്രാമങ്ങളിലെ വികസന മുന്നേറ്റങ്ങളെയോ ഇന്നിന്റെ ജീവിത സൗകര്യങ്ങളെയോ ഇവിടെ അർത്ഥമാക്കുന്നില്ല ) കാരണം ഓരോ ചെറു ഗ്രാമങ്ങളും ഇന്ന് ഓരോ സൈബർ സിറ്റികളാണ്.
ആ കാലങ്ങളിലൊക്കെ ഇത്തരം ഗ്രാമങ്ങളിലെ അരമതിലിലോ ചായപ്പീടികളുടെ തിണ്ണയിലോ ഇരുന്ന് ആഴക്കാഴ്ച്ചയുള്ള രാഷ്ട്രീയ ചർച്ചകളും സൂക്ഷ്മ നിരീക്ഷണത്തോടെയുള്ള സാമൂഹിക ഇടപെടലുമൊക്കെ നടന്നിരുന്നു. അവ മാത്രമായിരുന്നില്ല അത്തരം ഇടങ്ങളിലെ ചർച്ചകൾ. വിദ്യാഭ്യാസം, തൊഴിൽ, കൃഷി, സിനിമ, സാഹിത്യം ഇവയെല്ലാം വളരെ പക്വമായിട്ട് തന്നെ ചർച്ചകൾക്ക് വിധേയമാക്കിയിരുന്നു. ഒപ്പം അമേരിക്കയും ഇറാഖും ഇസ്രായേലും ഫലസ്തീനും അവിടങ്ങളിലെ യുദ്ധ കെടുതികളുമെല്ലാം കടന്ന് വരാറുമു
ണ്ട്. കാലം കടന്ന് പോകവേ സാങ്കേതിക വിദ്യയിലുണ്ടായ വിപ്ലവം ഇത്തരം ഗ്രാമങ്ങളെയും വലിയ തോതിൽ സ്വാധീനിച്ചു. ഇപ്പോൾ ആപ്പുകളുടെ കാലമാണ്.ഫെയ്‌സ് ബുക്കും ട്വിറ്ററും വാട്ട്‌സാപ്പുമൊക്കെ അരങ്ങു വാഴുന്ന കാലത്ത് ചർച്ചകൾ, പ്രത്യേകിച്ച് രാഷ്ട്രീയപരമായ ചർച്ചകൾ നടക്കുന്നത് ഇത്തരം ഇടങ്ങളിലൂടെയാണ്.
അത് പക്ഷെ ആഴത്തിലുള്ളതോ പരസ്പര ബഹുമാനം വെച്ചു പുലർത്തിയോ അല്ല. ഇതര രാഷ്ട്രീയ പാർട്ടികളിലെ അണികൾ തമ്മിൽ സഭ്യമല്ലാത്ത രീതിയിലുള്ള ഭീഷണികളിലൂടെയും വാക്കേറ്റങ്ങളിലൂടെയുമൊക്കെയാണ്. (അശരണരായ രോഗികൾക്കും വലിയ സാമ്പത്തിക പ്രയാസം കാരണം ദുരിതമനുഭവിക്കുന്ന മനുഷ്യർക്കും സഹായങ്ങൾ എത്തിക്കുവാൻ ഇത്തരം ആപ്പുകളെ ഉപയോഗിക്കുന്ന ഫിറോസ് കുന്നംപറമ്പിലിനെ പോലുള്ള മനുഷ്യസ്‌നേഹികളെ നന്ദിയോടെയും അഭിമാനത്തോടെയും സ്മരിക്കേണ്ടതുണ്ട്)
ഏറ്റവും പുതിയ ആപ്പായ ടിക്ക് ടോക്കിന്റെ കാലമാണിത്. തങ്ങൾക്കുള്ള കഴിവുകൾ പുറംലോകത്തെ അറിയിക്കുവാനുള്ള ഏറ്റവും നല്ല മാർഗമാണിത് എന്നാണ് അതിൽ ആഹ്ലാദം കണ്ടെത്തുന്നവരുടെ വാദം. ഏതെങ്കിലും സിനിമകളിലെ കോമഡി രംഗങ്ങളോ പ്രണയ രംഗങ്ങളോ ഗാനങ്ങളോ മാത്രമല്ല അശ്ലീലം വരുന്ന സംഭാഷണ ശകലങ്ങളും ടിക്ക് ടോക്കിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.
പൊതുനിരത്തുകളിലൂടെ വാഹനങ്ങൾ ഉപയോഗിച്ച് സാഹസികമായ രീതിയിൽ യുവാക്കൾ ഈ ആപ്പിനെ ഉപയോഗിച്ചത് ഈ അടുത്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. യുവാക്കൾ മാത്രമല്ല കൊച്ചു കുട്ടികളും വിദ്യാർത്ഥികളും പ്രായമായവരും വീട്ടമ്മമാർ വരെ ടിക്ക് ടോക്ക് പോലുള്ള ആപ്പുകളിൽ രസം കണ്ടെത്തുകയാണ്. സിനിമയിലെന്ന പോലെ ഈ രംഗത്തുമുണ്ട് സൂപ്പർ മെഗാ താരങ്ങളും സൂപ്പർ ലേഡികളുമൊക്കെ.
ഇതൊക്കെ കാരണം ഒരു പരിധി വരെ സൗഹൃദ അന്തരീക്ഷവും മാഞ്ഞു തുടങ്ങുകയാണോ എന്നും സംശയിക്കാതെ വയ്യ. കവലകളിലെ ആഴമേറിയ ചർച്ചകളും ബഡായി സദസ്സുകളും അപ്രത്യക്ഷമാകുന്നതിനൊപ്പം പ്രവാസ തൊഴിലിടങ്ങളിൽ അരങ്ങേറിയിരുന്ന പാട്ടും കൂത്തും രസം പറയലുമെല്ലാം ഒരു സ്മാർട്ട് ഫോണിലൂടെയോ ടാബുകളിലൂടെയോ തുകൽ പുതപ്പിനുള്ളിലേക്ക് അമരുകയാണ് എന്നതും സത്യമാണ്.
പരസ്പര ബഹുമാനത്തോടെയുള്ള ചർച്ചകളും ബഡായി സദസ്സുകളും കലയും സാഹിത്യവുമൊക്കെ നാട്ടിടങ്ങളിൽ അരങ്ങേറണം. എന്നാലേ ടിക്ക് ടോക്ക് പോലുള്ള ആപ്പുകളെ തെറ്റായ രീതിയിൽ ഉപയോഗിക്കാതെ വിദ്യാർത്ഥികളും യുവാക്കളുമൊക്കെ പൊതു ഇടങ്ങളിൽ സജീവമാകൂ. അത് നമ്മെ സ്വയം എന്നതിലേക്ക് ചുരുക്കാതെ ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തിന്റെ കണ്ണികളാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിക്കും.