Sorry, you need to enable JavaScript to visit this website.

അലോക് വര്‍മ കുന്തമുനയാകും; തകര്‍ന്നത് മോഡിയുടെ വിശ്വാസ്യത

സി.ബി.ഐ ഡയറക്ടർ സ്ഥാനത്തുനിന്നു വ്യാഴാഴ്ച രാത്രി രണ്ടാമതും പുറത്താക്കപ്പെട്ട അലോക് വർമ 24 മണിക്കൂർ തികയുംമുമ്പ് രാജിവെച്ചത് പ്രധാനമന്ത്രി മോഡിയുടെ വിശ്വാസ്യതയെയും പ്രതിച്ഛായയെയും കൂടുതൽ വികൃതമാക്കി. തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോഡിയും ബി.ജെ.പിയും നേരിടുന്ന അഴിമതിയാരോപണത്തിന്റെ കുന്തമുനയായിരിക്കും അലോക് വർമയുടെ രാജി. സി.ബി.ഐ വിവാദം തെരഞ്ഞെടുപ്പു വിധിവരെ മോഡിയെ വേട്ടയാടും. മോഡിക്കെതിരായ പ്രതിപക്ഷ ആരോപണങ്ങൾക്ക് അലോക് വർമയുടെ രാജി വലിയ ഊർജ്ജവുമാകും. 

http://malayalamnewsdaily.com/sites/default/files/2019/01/12/seshamvazhiye.jpg
സ്വാഭാവിക നീതി നിഷേധിച്ചും തന്റെ ഒരു എതിരാളി മാത്രം  ഉന്നയിച്ച  വ്യാജ പരാതിയിൽ സി.വി.സിയും പ്രധാനമന്ത്രിയും ഉൾപ്പെട്ട ഉന്നതാധികാര സമിതിയും എടുത്ത തീരുമാനം അലോക് വർമ ചോദ്യംചെയ്തു. ഫയർഫോഴ്‌സ് ഡയറക്ടർ സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടുള്ള അവഹേളന ഉത്തരവ് നിരാകരിച്ചു. ഇന്ത്യൻ ബ്രൂറോക്രസിയെയാകെ ഇത് ഞെട്ടിച്ചിരിക്കും.  
ലോകസഭാ തെരഞ്ഞെടുപ്പിന്റെ അജണ്ടക്ക് അവസാനരൂപംകൊടുക്കാൻ വിളിച്ചുചേർത്ത ബി.ജെ.പി നാഷണൽ കൗൺസിൽ നിർവ്വാഹകസമിതി യോഗത്തിന്റെ തലേന്നു രാത്രിയാണ് വർമയെ പുറത്താക്കിയതും ഒഡീഷ ഐ.പി.എസ് കേഡറുകാരനായ സി.ബി.ഐ അഡീഷണൽ ഡയറക്ടർ നാഗേശ്വരറാവുവിനെ പാതിരാത്രിയിൽ പകരം ചുമതല നൽകിയതും. ദേശീയ നിർവ്വാഹകസമിതി യോഗം തുടങ്ങിയതിനു തൊട്ടുപിറകെയാണ് അലോക് വർമയുടെ രാജിതീരുമാനവും വിശദീകരണവും തിരിച്ചടിയായി എത്തിയത്.  മുമ്പ് ബൊഫോഴ്‌സ് കേസിൽ രാജീവ്ഗാന്ധി നേരിട്ടതുപോലുള്ള ഒരു സ്ഥിതിവിശേഷമാണ് തിരിച്ചുവരവിന് ബി.ജെ.പിയും ആർ.എസ്.എസും കഠിനമായി ശ്രമിക്കുന്ന തെരഞ്ഞെടുപ്പിൽ നരേന്ദ്രമോഡിയെതന്നെ വേട്ടയാടുമെന്ന സന്ദേശമായി യോഗത്തിനു മുമ്പിലെത്തിയത്.
സുപ്രിംകോടതി വിധിയെതുടർന്ന് സി.ബി.ഐ ആസ്ഥാനത്തെത്തിയ അലോക് വർമ എടുത്ത തീരുമാനങ്ങളെല്ലാം നാഗേശ്വരറാവു റദ്ദാക്കിക്കൊണ്ടിരിക്കെയാണ് സി.ബി.ഐയ്ക്കു നേരെയുള്ള ബാഹ്യ ഇടപെടൽ തടയാനാണ് താൻ ശ്രമിച്ചതെന്ന് രാജിക്കത്തിൽ വർമ കുറ്റപ്പെടുത്തിയത്. 21 ദിവസം മാത്രം പൂർത്തിയാക്കാനുണ്ടായിരുന്ന ഔദ്യോഗിക ജീവിതം പെട്ടെന്ന് അവസാനിപ്പിച്ച് ആത്മാഭിമാനം ഉയർത്തിപ്പിടിച്ചത്.  
വിശ്വാസ്യതയുടെ പേരിലാണ് മൂന്നുമാസംമുമ്പ് ഒരു അർദ്ധരാത്രിയിൽ സി.ബി.ഐ ആസ്ഥാനത്ത് എല്ലാം നാടകീയമായി തുടങ്ങിയത്.  അഴിമതിയും ക്രിമിനൽ കുറ്റവും സംബന്ധിച്ച് അന്വേഷിക്കേണ്ട രാജ്യത്തെ ഏറ്റവും പ്രധാന ഔദ്യോഗിക ഏജൻസിയായ സി.ബി.ഐയുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്നു പറഞ്ഞാണ് സി.ബി.ഐ ഡയറക്ടറെ അന്ന് പുറത്താക്കിയത്. ഇതിനെതിരെ അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്.
സുപ്രിംകോടതി വിധിയുടെ ബലത്തിൽ സി.ബി.ഐ ആസ്ഥാനത്ത് വീണ്ടും രണ്ടുദിവസം പ്രവർത്തിച്ച ഡയറക്ടറെ നീക്കുകയും വ്യാഴാഴ്ച അർദ്ധരാത്രിയിൽ നാഗേശ്വരറാവുവിനെ ഒരിക്കൽക്കൂടി ഡയറക്ടറുടെ ഓഫീസിൽ ഇരുത്തുകയുംചെയ്തു.  പ്രധാനമന്ത്രിയുടെ പിൻബലത്തിലായിരുന്നു ഇതൊക്കെ. 
നാടകീയമായ  നീക്കങ്ങൾ തുടരുന്നതിനിടയിൽ നാഗേശ്വരറാവുവിനെ ചുമതല നൽകിയതിനെതിരെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വെള്ളിയാഴ്ച വീണ്ടും സുപ്രിംകോടതിയിലെത്തി. അതോടെ പന്ത് വീണ്ടും സുപ്രിംകോടതിയുടെ കളിക്കളത്തിലെത്തി. 
ഇതിനിടെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തിരുത്താൻ പ്രധാനമന്ത്രി മോഡി കൊണ്ടുവന്ന രാകേഷ് അസ്ഥാനയ്‌ക്കെതിരായ ഡൽഹി ഹൈക്കോടതിയുടെ വിധിയും പ്രധാനമന്ത്രിക്കു പ്രഹരമായി.  അഴിമതി സംബന്ധിച്ച പരാതിയിൽ തനിക്കെതിരെ ഡയറക്ടർ അലോക് വർമ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കാനാണ് ഹൈക്കോടതിയെ സി.ബി.ഐ തലപ്പത്തെ രണ്ടാമൻ സമീപിച്ചിരുന്നത്. അസ്ഥാനയ്ക്കിനി സുപ്രിംകോടതിയെ ശരണം പ്രാപിക്കേണ്ടിവരും.   
2018 ജനുവരി 31വരെ കാലാവധിയുള്ള അലോക് വർമയെ നിയമന കമ്മറ്റിയുടെ തീരുമാനമില്ലാതെ കേന്ദ്ര സർക്കാർ എടുത്തെറിഞ്ഞത് നിയമവിരുദ്ധമായിരുന്നെന്ന് സുപ്രിംകോടതി 2019 ജനുവരി 7നാണ് വിധിച്ചത്.   രണ്ടുതരത്തിൽ ഇത് പ്രധാനമന്ത്രിയുടെ വിശ്വാസ്യതയ്ക്ക് പരോക്ഷമായേറ്റ കനത്ത പ്രഹരമായിരുന്നു.  എന്നിട്ടും 48 മണിക്കൂറിനകം അലോക് വർമ്മയെ സി.ബി.ഐയ്ക്കകത്തുനിന്ന് പുറത്താക്കാൻ പ്രധാനമന്ത്രിയുടെ നിർണ്ണായക വോട്ടോടെ (2:1)  നിയമന കമ്മറ്റി തീരുമാനിച്ചു.
പ്രധാനമന്ത്രിക്കു പുറമെ ഈ ഉത്തരവ് നടപ്പാക്കേണ്ട കമ്മറ്റിയിലെ മൂന്നുപേരിൽ ഒരാൾ ഉത്തരവിൽ ഒപ്പുവെച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആയിരുന്നു.  തന്റെ ഉത്തരവ് നടപ്പാക്കാൻചേരുന്ന യോഗത്തിൽ തനിക്കുപകരം വിധി പ്രസ്താവിച്ച, ബഞ്ചിലില്ലാത്ത ജസ്റ്റിസ് എ.കെ സിക്രിയെ ചീഫ് ജസ്റ്റിസ് പ്രതിനിധിയായി നിയോഗിച്ചു.
പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയും ജസ്റ്റിസ് സിക്രിയും പുറത്താക്കൽ തീരുമാനത്തെ 1:1 വോട്ടിന് സമനിലയിലാക്കി. പ്രധാനമന്ത്രിയുടെ വോട്ടാണ് അലോക് വർമയെ സി.ബി.ഐയ്ക്ക് പുറത്തേക്കു തള്ളിയത്.   സുപ്രിംകോടതിയുടെ വിധി സാങ്കേതികമായി നടപ്പാക്കി ഫലത്തിൽ തിരിച്ചടിക്കുകയായിരുന്നു.   ചീഫ് ജസ്റ്റിസിനുപകരം പങ്കെടുത്ത സിക്രിയുടെ വോട്ടാണ് നിമിത്തമായതെന്നതു വിചിത്രം. 
മൂന്നുമാസംമുമ്പ് അഡ്വക്കറ്റ് പ്രശാന്ത് ഭൂഷനും വാജ്‌പേയി മന്ത്രിസഭയിലെ മന്ത്രിമാരായിരുന്ന യശ്വന്ത് സിൻഹയും അരുൺ ഷൂരിയും റഫാൽ പോർവിമാന ഇടപാടിലെ അഴിമതി സംബന്ധിച്ച് പ്രധാനമന്ത്രി മോഡിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടർ അലോക് വർമക്ക് പരാതി നൽകിയിരുന്നു.  ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ഫയലുകൾ ഡയറക്ടർ വിളിപ്പിക്കുകയും പരിശോധിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നടപടികളിലേക്ക്   കടക്കുകയായിരുന്നു വർമ. തന്റെ ഓഫീസ് പൂട്ടി മടങ്ങിയ അർദ്ധരാത്രിയാണ് മിന്നലാക്രമണമുണ്ടായത്. സി.ബി.ഐ ആസ്ഥാനംതന്നെ കേന്ദ്ര വിജിലൻസ് കമ്മീഷനെ ആയുധമാക്കി അടിമേൽ മറിച്ചതും. അലോക് വർമയെ പ്രധാനമന്ത്രി മോഡി വിളിച്ചുവരുത്തി നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിറകെയായിരുന്നു അതിക്രമം.  ഒരാഴ്ചമുമ്പ് സി.ബി.ഐ ഡയറക്ടറുടെയും സി.വി.സിയുടെയും ക്യാബിനറ്റ് സെക്രട്ടറിയുടെയും തലപ്പത്ത് ചരിത്രത്തിലാദ്യമായി നിയമിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഈ തിരക്കഥ നടപ്പാക്കിയത്.   
സുപ്രിംകോടതിയുടെ ധാർമ്മികതയും വിശ്വാസ്യതയും പ്രധാനമന്ത്രിതന്നെ ഇല്ലാതാക്കി. തന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ കോടതിവിധിയെ അട്ടിമറിക്കാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ നീക്കം മാത്രമേ നമ്മുടെ പാർലമെന്ററി ചരിത്രത്തിൽ ഇതുപോലെ മുമ്പ് ഉണ്ടായിട്ടുള്ളൂ. 
ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ ഐ.പി.എസ് ഓഫീസറിൽനിന്ന് സി.ബി.ഐ ഡയറക്ടറായി ഉയർന്ന അലോക് വർമയെ അഗ്നിശമന സേനയുടെ ഡയറക്ടറായി നിയമിച്ച് അവഹേളിക്കുകയാണ് ചെയ്തത്. വീണ്ടും അധികാരമേറ്റ  അലോക് വർമ ദൈനംദിന ഔദ്യോഗിക നടപടി എന്നനിലയിൽ രണ്ടുദിവസംകൊണ്ട് എടുത്ത തീരുമാനങ്ങൾ പ്രധാനമന്ത്രിയെ അസ്വസ്ഥനാക്കി. തന്നെ പുറത്താക്കിയതോടൊപ്പം സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചുകൊണ്ടുവന്നത് നാഗേശ്വരറാവുവിന് ഒപ്പംനിന്ന ചിലരെ സ്ഥലംമാറ്റിയത് അഴിമതി അന്വേഷണ ചുമതല വിശ്വസ്തരെ ഏല്പിച്ചത്, ഇതിനു പിന്നാലെ ഒരു  എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതുകൂടി ദൈനംദിന കൃത്യനിർവ്വഹണത്തിന്റെ ഭാഗമാണെന്ന്  പ്രധാനമന്ത്രിക്ക് നന്നായറിയാമായിരുന്നു.  
ബാഹ്യശക്തികളുടെ ഇടപെടലിനു വഴങ്ങാതെ സി.ബി.ഐയുടെ വിശ്വാസ്യതയും സ്വതന്ത്ര സ്വഭാവവും നിലനിർത്താനുള്ള ശ്രമത്തിന്റെ ബലിയാടാണ് താനെന്ന വെളിപ്പെടുത്തലാണ് അലോക് വർമ നടത്തിയത്. അതു പരോക്ഷമായി സുപ്രിംകോടതി ശരിവെച്ചതാണ്. ഇതു പ്രധാനമന്ത്രിയെ കൂടുതൽ തുറന്നുകാട്ടുന്നു.  പുതിയ സി.ബി.ഐ  സ്ഥിരം ഡയറക്ടറെ ധൃതിപ്പെട്ട് നിയമിക്കാൻ പോകുന്നു. തിരക്കിട്ടു പരിഗണിക്കുന്ന പട്ടികയിൽ മറ്റൊരു ഒഡീഷാ കേഡറുകാരനായ കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ പേരും ഉൾപ്പെടുമത്രേ! 
 പ്രധാനമന്ത്രി മോഡി ഉൾപ്പെട്ട 30,000 കോടി രൂപയുടെ റഫാൽ അഴിമതി ഇപ്പോൾതന്നെ ഗവണ്മെന്റിനും ഭരണകക്ഷിക്കുമെതിരെ കടുത്ത ആരോപണമായിക്കഴിഞ്ഞു. ആരോപണങ്ങളെ പാർലമെന്റിൽ നേരിടാത്ത പ്രധാനമന്ത്രിക്ക്  ലോകസഭാ തെരഞ്ഞെടുപ്പിൽ അത് നേരിടാതെ പറ്റില്ല.  അതൊരു സി.ബി.ഐ കേസ് ആകുകയും  പ്രധാനമന്ത്രി മോഡിയ്‌ക്കെതിരെ എഫ്.ഐ.ആർ ഔദ്യോഗികമായി രൂപപ്പെടുകയും ചെയ്യുന്നത് തടയുകയാണ് പ്രധാനമന്ത്രിതന്നെ നേരിട്ട് ചെയ്തത്. 
അമേരിക്കയിൽ പ്രസിഡന്റ് ട്രംപ് സ്വീകരിക്കുന്ന അതേ ശൈലിയാണ് മോഡിയും നടപ്പാക്കാൻ ശ്രമിക്കുന്നത്. ദിവസങ്ങളായി അമേരിക്കയിലെ ഭരണം സ്തംഭിച്ചിട്ടും മെക്‌സിക്കോയ്‌ക്കെതിരെ മതിൽകെട്ടുമെന്ന വെല്ലുവിളിയുമായി മുന്നേറുന്ന ട്രംപിന്റെ വലതുപക്ഷ- തീവ്രവാദവും ഏകാധിപത്യ പ്രവണതയുമാണ് മോഡിയേയും ഭരിക്കുന്നത്.
മോഡിയുടെ നയങ്ങൾക്കെതിരെ എതിർപ്പ് ശക്തവും വ്യാപകവുമാകുന്നു.  തിരിച്ചുവരവ് അസാധ്യമാക്കും എന്ന ആശങ്ക മോഡിയെ ഇപ്പോൾ വല്ലാതെ അലട്ടുന്നുണ്ട്. നികുതി ഇളവുകളും സംവരണ ആനുകൂല്യങ്ങളും കർഷകർക്കുവേണ്ടിയുള്ള പുതിയ പ്രഖ്യാപനങ്ങളുംകൊണ്ട് വിവിധ വിഭാഗം ജനങ്ങളുടെ രോഷത്തെ തണുപ്പിക്കാനുള്ള നീക്കങ്ങൾ ഗവണ്മെന്റ് രണ്ടാഴ്ചക്കുള്ളിൽ ശക്തമാക്കിയിട്ടുണ്ട്.  തെരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പി മുന്നണിക്കെതിരായ മഹാസഖ്യം പൊളിക്കാനാണ് തമിഴ്‌നാട്ടിലടക്കം മോഡി നീക്കം നടത്തിയത്.  
ശനിയാഴ്ച യു.പിയിൽ മായാവതിയും സമാജ് വാദി പാർട്ടിയുടെ അഖിലേഷ് യാദവും ചേർന്നുള്ള സംയുക്ത പത്രസമ്മേളനം എസ്.പി-ബി.എസ്.പി സംയുക്ത നീക്കത്തിന്റെ പ്രഖ്യാപനമാകും.  
ബഹുജൻ സമാജ് വാദിപാർട്ടി സ്ഥാപകൻ കൻഷി റാമും മുലായം സിംഗും തമ്മിൽ വർഷങ്ങൾക്കു മുമ്പുണ്ടാക്കിയ സംയുക്ത രാഷ്ട്രീയ നീക്കത്തിന്റെ പുതിയൊരു രൂപമാണ് യു.പിയിൽ പരീക്ഷിക്കാൻ പോകുന്നത്. ചെറു പാർട്ടികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട്.  പിന്നോക്ക - ദളിത് വിഭാഗങ്ങളിൽപെട്ട അടിത്തട്ടിലെ ജനവിഭാഗങ്ങളെയാകെ ബി. ജെ.പിക്കെതിരെ അണിനിരത്തുന്ന ഈ നീക്കം യു.പിയിൽ ബി.ജെ.പിക്ക്  കനത്ത നഷ്ടം വിതക്കും. 
ഇത്തരം രാഷ്ട്രീയ വെല്ലുവിളികൾ മോഡിക്കും ബി.ജെ.പിക്കുമെതിരെ പല സംസ്ഥാനങ്ങളിൽനിന്നും ഉയർന്നു വരുന്നതിനിടയിലാണ് അഴിമതികേസിൽനിന്ന് തലയൂരാൻ 19-ാമത്തെ അടവും മോഡി പ്രയോഗിച്ചത്.  ഈ വിവാദങ്ങൾക്കിടയിൽ കേരളവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം ശ്രദ്ധയിൽപെടാതെ പോകുന്നു.  എസ്.എൻ.സി ലാവ്‌ലിൻകേസ് പരിഗണിക്കുന്നത് സുപ്രിംകോടതി വീണ്ടും മാറ്റിവെച്ചു. കേസിലെ മൂന്നാംപ്രതിയായ കെ.എസ്.ഇ.ബിയുടെ മുൻ ചെയർമാൻ ആർ. ശിവദാസൻ ഒന്നര മാസക്കാലത്തേക്ക് കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടത് കോടതി അംഗീകരിക്കുകയായിരുന്നു.  
എതിർ സത്യവാങ്മൂലം നൽകാൻ ഇനിയും സമയം വേണമെന്ന ശിവദാസന്റെ ആവശ്യം സി.ബി.ഐ എതിർത്തില്ല.  മുഖ്യമന്ത്രിയായ പിണറായി വിജയനെ കീഴ്‌ക്കോടതി വിട്ടയച്ചത് റദ്ദാക്കണമെന്ന സി. ബി.ഐ ആവശ്യംകൂടി കേസിൽ ഉൾപ്പെടുന്നു. ഈ നിലയിൽ ലോകസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ലാവ്‌ലിൻ കേസിൽ സുപ്രിംകോടതിവിധി ഉണ്ടാകുമെന്ന ആശങ്ക ഇനി ആർക്കും വേണ്ട!

Latest News