ന്യൂദല്‍ഹി- സി.ബി.ഐ മേധാവി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട അലോക് വര്‍മയെ പിന്തുണച്ച്
മുന്‍ സുപ്രീം കോടതി ജസ്റ്റിസ് എ.കെ പട്നായിക് രംഗത്ത്. അലോക് വര്‍മക്കെതിരായ അഴിമതി ആരോപണങ്ങളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സി.വിസി) അന്വേഷണത്തിന് നേതൃത്വം നല്‍കിയത് ജസ്റ്റിസ് പട്‌നായിക്കാണ്. അലോക് വര്‍മക്കെതിരായ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടെ തീരുമാനം ധിറുതി പിടിച്ചാണെന്നും അദ്ദേഹം പറഞ്ഞു. സി.വി.സി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തന്റേതല്ലെന്നും ജസ്റ്റിസ് എ.കെ പട്നായിക് വ്യക്തമാക്കി. സി.വി.സി. റിപ്പോര്‍ട്ടില്‍ വര്‍മക്കെതിരേ പത്തിലേറെ കുറ്റാരോപണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പുറത്താക്കാന്‍ ഉന്നതാധികാരസമിതി തീരുമാനിച്ചത്.
അന്വേഷണം നടന്നത് സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ പരാതിയിലാണ്. രാകേഷ് അസ്താന നേരിട്ട് തന്റെ മുന്നില്‍ വന്ന് മൊഴി നല്‍കിയിട്ടില്ല. രാകേഷ് അസ്താനയുടെ മൊഴി എന്ന പേരില്‍ അദ്ദേഹം ഒപ്പുവെച്ച രണ്ട് പേജ് തനിക്ക് നല്‍കുകയായിരുന്നുവെന്നും ജസ്റ്റിസ് എ.കെ പട്നായിക് വെളിപ്പെടുത്തി.
ഈമാസം 31-ന് വിരമിക്കാനിരിക്കേയാണ് വ്യാഴാഴ്ച അലോക് വര്‍മയെ സി.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത അവധിയില്‍ പോകേണ്ടിവന്ന വര്‍മ, സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് സി.ബി.ഐ. ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തി 48 മണിക്കൂര്‍ തികയും മുമ്പായിരുന്നു പുറത്താക്കല്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ. സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍പ്പെട്ട ഉന്നതാധികാരസമിതിയുടേതായിരുന്നു തീരുമാനം. സമിതിയുടെ നടപടി ഖാര്‍ഗെ അംഗീകരിച്ചിരുന്നില്ല.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ അസ്താന നല്‍കിയ പരാതിയാണ് കാബിനറ്റ് സെക്രട്ടറി സി.വി.സി.ക്ക് കൈമാറിയത്. അസ്താനയുടെ ആരോപണങ്ങളായിരുന്നു കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലേറെയും. കാബിനറ്റ് സെക്രട്ടറിയുടെ ഓഗസ്റ്റ് 24-ലെ കുറിപ്പില്‍ വര്‍മക്കെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് ജസ്റ്റിസ് പട്‌നായിക്കിന്റെ മേല്‍നോട്ടത്തില്‍ സി.വി.സി. അന്വേഷിച്ചത്.