Sorry, you need to enable JavaScript to visit this website.

റമദാനില്‍ വാഹനയാത്ര എങ്ങനെ സുരക്ഷിതമാക്കാം

വിശുദ്ധ റമദാന്‍ ആരംഭിച്ചതോടെ സൗദിയിലെ നഗരങ്ങളില്‍ പകല്‍ സമയം പൊതുവെ റോഡുകളില്‍ തിരക്കു കുറയും. എന്നാല്‍ നോമ്പ് തുറ സമയം അടുക്കുന്നതോടെ റോഡുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുക. ഓഫീസുകളില്‍നിന്നും മറ്റും നോമ്പ് തുറക്കായി യഥാസമയം വീട്ടിലെത്താനുള്ളതാണ് ഈ തിരക്ക്. നോമ്പ് തുറക്കുശേഷം നഗരങ്ങള്‍ പൂര്‍വാധികം സജീവമാകുകയും റോഡുകളില്‍ വാഹനങ്ങളുടെ തിരക്കേറുകയും ചെയ്യും.

റമദാനില്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍  വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. കുടുംബത്തോടൊപ്പം നോമ്പ് തുറക്കാനുള്ള വ്യഗ്രതയും വിഭവങ്ങള്‍ എത്തിക്കാനുള്ള തിരക്കും എല്ലാം കൂടിയാകുമ്പോള്‍ പരക്കം പാച്ചിലാണ് റോഡുകളില്‍ കാണാറുള്ളത്.

തലങ്ങും വിലങ്ങും സിഗ്്‌നലുകള്‍ നല്‍കാതെ വാഹനങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഓരോരുത്തരും അതീവ ജാഗ്രത പുലര്‍ത്തണം. അപ്രതീക്ഷിതമായിരിക്കാം ഓരോ വാഹനത്തിന്റേയും വരവ്. മാത്രമല്ല, നോമ്പ് തുറ സമയത്ത് ചിലപ്പോള്‍ കാല്‍നടക്കാരേയും പരിഗണിക്കേണ്ടിവരും. ഫൂല്‍ തമീസ് കടകളില്‍ ക്യൂ നില്‍ക്കാനും അവിടെനിന്ന് വിഭവങ്ങള്‍ വാങ്ങി വീടുകളില്‍ എത്തിക്കാനുമുള്ള തിരക്ക് കാണാതിരുന്നു കൂടാ.

സിഗ്നലുകളില്‍ അനാവശ്യ ധൃതി പാടില്ല. സമയത്ത് എത്താന്‍ സാധിച്ചില്ലെങ്കില്‍ റമദാനില്‍ അതു മറ്റുള്ളവര്‍ക്ക് മനസ്സിലാക്കുക പ്രയാസമില്ല. റോഡുകളിലെ ചട്ടങ്ങള്‍ എല്ലാവരും പാലിക്കുമ്പോാഴാണ് അപകടങ്ങള്‍ കുറയുന്നത്. അമിത വേഗം പിടിക്കാന്‍ സാഹിര്‍ കണ്ണുകള്‍ തുറന്നു കിടപ്പുണ്ടെന്നതും വിസ്മരിക്കരുത്. റമദാനായതില്‍ പിഴ സംഖ്യക്ക് ഇളവൊന്നുമില്ല.

നോമ്പ് തുറ സമയം എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് റോഡുകളിലെ തിരക്ക് മുന്‍കൂട്ടി കണ്ട് ഇത്തിരി നേരത്തെ തന്നെ ഓഫീസില്‍നിന്ന് ഇറങ്ങണം.

വാഹനം ഓടിക്കുമ്പോള്‍ ശാന്തനായിരിക്കുക. റോഡുകളിലെ രോഷപ്രകടനവും വാക്കുതര്‍ക്കവും ആര്‍ക്കും ഗുണകരമാവില്ല.

മിക്ക സിഗ്നലുകളിലും നോമ്പ് തുറക്കാനുള്ള ഈത്തപ്പഴവും വെള്ളവും ജ്യൂസും വിതരണം ചെയ്യാറുണ്ട്. ഇതുവാങ്ങി വാഹനത്തില്‍വെച്ച് നോമ്പ് തുറക്കുകയാണെങ്കില്‍ റോഡില്‍നിന്ന് ശ്രദ്ധ തെറ്റാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം.

നോമ്പ് തുറക്കാനുള്ള തിരക്കിട്ട പോക്കില്‍ സീറ്റ് ബെല്‍റ്റ് ഇടാന്‍ മറക്കണ്ട. അതിനുമുണ്ട് പിഴ.

Latest News