ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ഷകരെ ഒപ്പം കൂട്ടാന്‍ മഹാസഖ്യം. അധികാരത്തില്‍ വന്നാല്‍ കര്‍ഷക കടങ്ങള്‍ എഴുതിത്തളളുമെന്നാണ് വാഗ്ദാനം. 'ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കടങ്ങളും വായ്പ്പകളും എഴുതിത്തളളുക മാത്രമല്ല, കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുളള മറ്റു പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യും,' രാഷ്ട്രീയ ലോക് ദള്‍ നേതാവ് അജിത് സിംഗ് ഉത്തര്‍ പ്രദേശില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
കൃഷിയിറക്കുന്നതിന് മുമ്പായി ഓരോ ഏക്കറിനും 50,000 രുപവെച്ച് കര്‍ഷകരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും അജിത് സിംഗ് പറഞ്ഞു. മിനിമം താങ്ങുവില കര്‍ഷകര്‍ക്ക് ഉറപ്പാക്കുമെന്നും മാര്‍ക്കറ്റ് വില കുറവാണെങ്കില്‍ താങ്ങുവിലയില്‍ ബാക്കി വരുന്ന തുക സര്‍ക്കാര്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്നും അജിത് സിംഗ് പറഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷമായി കര്‍ഷകരുടെ വരുമാനത്തില്‍ കുറവ് വന്നിട്ടുണ്ടെന്ന് ആര്‍എല്‍ഡി നേതാവ് പറഞ്ഞു.
ഉത്തര്‍പ്രദേശ് അടക്കം, വിവധ സംസ്ഥാനങ്ങളില്‍ സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും ഉടന്‍ തുടങ്ങുമെന്നും അജിത് സിംഗ് പറഞ്ഞു.
ഉത്തര്‍ പ്രദേശില്‍ ബിഎസ്പി-എസ്പി സഖ്യത്തിന്റെ നേതൃത്വത്തിലാണ് മഹാസഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബീഹാറില്‍ രാഷ്ട്രീയ ജനതാദളിനു പുറമേ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയും ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയും സഖ്യത്തിലുണ്ട്.