ന്യൂദൽഹി- സി.ബി.ഐ ഡയറക്ടർ സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയ അലോക് വർമ പുതുതായി നൽകിയ സ്ഥാനം സ്വീകരിക്കാതെ രാജിവച്ചു. ഫയർ സർവീസ്, സിവിൽ ഡിഫൻസ്, ഹോംഗാർഡ് ഡെപ്യൂട്ടി ജനറൽ സ്ഥാനമാണ് വർമയ്ക്ക് നൽകിയത്. സി.ബി.ഐ. ഡയറക്ടറായി വീണ്ടും നിയമിക്കാൻ സുപ്രീം കോടതി ഉത്തരവിട്ട വർമയെ, കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗമാണ് വീണ്ടും പുറത്താക്കിയത്.
എഫ്.ഐ.ആർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടർ രാകേഷ് അസ്താന നൽകിയ ഹർജിയും ദൽഹി ഹൈക്കോടതി തള്ളി. ഡിവൈ.എസ്.പി. ദേവേന്ദ്ര കുമാറും അസ്താനക്കൊപ്പം ഹർജി നൽകിയിരുന്നു. 10 ആഴ്ചക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐ യോട് കോടതി ആവശ്യപ്പെട്ടു. വർമ അസാധുവാക്കിയ എല്ലാ സ്ഥലം മാറ്റങ്ങളും താത്കാലിക ഡയറക്ടറായി ചുമതലയേറ്റ എം.നാഗേശ്വർ റാവു പുനഃസ്ഥാപിച്ചു.