ന്യൂദല്‍ഹി- ഇന്ത്യ 2021 ല്‍ ബഹിരാകശത്തേക്ക് പര്യവേക്ഷകരെ അയക്കുമെന്ന് ഐ.എസ്.ആര്‍.ഓ. ഇന്ത്യക്കാരെ ബഹിരാകശത്തേക്ക് എത്തിക്കാനുളള ഗഗന്‍യാന്‍ പദ്ധതി നടപ്പാവുന്നതോടെ മനുഷ്യരെ സ്വന്തമായി ബഹിരാകശത്തേക്കയക്കുന്ന നാലാമത്തെ രാജ്യമാവും ഇന്ത്യ.
ഏഴു ദിവസത്തേക്ക് മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയക്കാനാണു പദ്ധതി. പ്രഥമിക ഘട്ട പരിശീലനം ഇന്ത്യയില്‍ വെച്ച് നടക്കും. അടുത്ത ഘട്ട പരിശീലനങ്ങള്‍ക്കായി യാത്രാ സംഘം റഷ്യയിലേക്ക് പോവും. സംഘത്തില്‍ സത്രീ പര്യവേക്ഷകരും ഉണ്ടാവുമെന്ന് ഐ.എസ്.ആര്‍ ഓ മേധാവി കെ ശിവന്‍ പറഞ്ഞു.
നേരത്തെ, ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തിന് 10,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ദൗത്യം 2022-ഓടെ യാഥാര്‍ത്ഥ്യമാക്കാന്‍ ലക്ഷ്യമിടുന്നതായി ഐ.എസ്.ആര്‍.ഒ മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു. ഐഎസആര്‍ഓയുടെ ഏറ്റവും വലിയ റോക്കറ്റായ ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹീക്ക്ള്‍ മാര്‍ക്ക് III (ജി.എസ്.എല്‍.വി എംകെ III) ആണ് ഈ ദൗത്യത്തിന് ഉപയോഗിക്കുക.
റഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങള്‍ക്കു ശേഷം ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുന്ന നാലാമത്തെ രാജ്യമാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഇന്ത്യയുടെ ഒരേ ഒരു ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മ 1984ല്‍ റഷ്യന്‍ ബഹിരാകാശദൗത്യത്തിന്റെ ഭാഗമായാണ് ബഹിരാകാശത്ത് എത്തിയത്.