ലഹ്ജ്- യെമനില്‍ സൈനിക കേന്ദ്രത്തില്‍ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ പ്രവിശ്യയായ ലഹ്ജിലാണ് സംഭവം.
ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പരേഡ് വീക്ഷിക്കുന്നതിനിടെ വേദിക്കു മുകളില്‍ ഡ്രോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ സാലിഹ് അല്‍ സിന്ദാനി, ലഹ്ജ് ഗവര്‍ണര്‍ അഹ്്മദ് അല്‍ തുര്‍ക്കി എന്നിവര്‍ പരിക്കേറ്റവരില്‍ ഉള്‍പ്പെടുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
യെമനില്‍ യു.എന്‍ നടത്തുന്ന സമാധാന ശ്രമങ്ങള്‍ തകര്‍ക്കുന്നതാണ് ഹൂത്തികളുടെ നടപടി. ദുരിതാശ്വാസ വസ്തുക്കള്‍ എത്തിക്കുന്നതിനായി ഹുദൈദ തുറമുഖത്തിനു ചുറ്റും വെടിനിര്‍ത്തല്‍ പാലിക്കാന്‍ യെമന്‍ സൈന്യവും ഹൂത്തികളും യു.എന്‍ മുമ്പാകെ സമ്മതിച്ചിരുന്നു.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അതിവേഗത്തില്‍ വന്ന് വി.ഐ.പികള്‍ ഉണ്ടായിരുന്ന വേദിക്കു മുകളില്‍ തകരുകയായിരുന്നു.
പരിക്കേറ്റ 12 പേര്‍ ആശുപത്രിയിലുണ്ടെന്ന് ഇബ്‌നു ഖല്‍ദൂന്‍ ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ചീഫ് ഓഫ് സ്റ്റാഫ് ജന. അബ്ദുല്ലാ അല്‍ നഖി വേദിയിലുണ്ടായിരുന്നുവെങ്കിലും ഇദ്ദേഹത്തിന് പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
പുതിയ തരം ആളില്ലാ വിമാനമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഹൂത്തി വക്താവ് യഹിയ സരി അവകാശപ്പെട്ടു. ഇറാന്‍ നിര്‍മിത ഡ്രോണാണ് ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.