സൗദിവത്കരണത്തിന് പ്രോത്സാഹനം
റിയാദ് - സൗദിവൽക്കരണം നടപ്പാക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന പുതിയ പദ്ധതി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് സ്വകാര്യ സ്ഥാപനങ്ങളിൽ പുതുതായി നിയമിക്കുന്ന സൗദി പൗരന്മാരെ ഉടനടി നിതാഖാത്തിൽ ഉൾപ്പെടുത്തി സ്വദേശി ജീവനക്കാരെന്നോണം കണക്കാക്കും. ഇതുവരെ പുതുതായി നിയമിക്കുന്ന സൗദി പൗരന്മാരെ പൂർണ തോതിൽ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരെന്നോണം നിതാഖാത്തിൽ കണക്കാക്കുന്നതിന് ആറു മാസം കാത്തിരിക്കേണ്ടിയിരുന്നു.
ഇനി മുതൽ സൗദി ജീവനക്കാരെ നിയമിച്ചാലുടൻ അവരെ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരെന്നോണം നിതാഖാത്തിൽ കണക്കാക്കും. സൗദിവൽക്കരണം നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ചുവടുവെപ്പെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.സൗദി ജീവനക്കാരെ നിയമിച്ച് നിതാഖാത്ത് വ്യവസ്ഥകൾ പാലിച്ചതായി തെളിയിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്തിയ ശേഷം സ്വദേശികളെ പിരിച്ചുവിട്ട് സൗദിവൽക്കരണത്തിൽ തട്ടിപ്പുകൾ നടത്തുന്ന പ്രവണതക്ക് തടയിടുന്നതിനാണ് പുതുതായി നിയമിക്കുന്ന സൗദികളെ പൂർണ തോതിൽ നിതാഖാത്തിൽ കണക്കാക്കുന്നതിന് ആറു മാസം കാത്തിരിക്കണമെന്ന വ്യവസ്ഥ നേരത്തെ മന്ത്രാലയം നടപ്പാക്കിയത്.