ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയായി ഷീല ദിക്ഷിത്‌

ന്യൂദല്‍ഹി- അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മുന്‍ മുഖ്യമന്ത്രി ഷീല ദിക്ഷിത്തിനെ ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയായി നേതൃത്വം വ്യാഴാഴ്ച്ച തെരഞ്ഞടുത്തു. 'പാര്‍ട്ടി പുതിയ പദവി തന്ന് എന്നെ ആദരിച്ചിരിക്കുന്നു,' വാര്‍ത്ത സ്ഥീരികരിച്ചതിന് ശേഷം ഷീല ദിക്ഷിത് പറഞ്ഞു. 

വാര്‍ത്ത വന്നതിന് ശേഷം, മുന്‍പ്രസിഡന്റ് അജയ് മാക്കന്‍ ഷീലയെ അഭിനന്ദിച്ചു. 

 ആം ആദ്മി പാർട്ടിയുമായി സഖ്യത്തിൽ ഏർപ്പെടാനുള്ള നീക്കങ്ങൾക്ക് വേഗം പകരാൻ ഷീല ദീക്ഷിതിന് കഴിയുമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം വിശ്വസിക്കുന്നു. ഇതാണ് മുൻ മുഖ്യമന്ത്രിയെ നേതൃത്വം പരിഗണിക്കാൻ കാരണമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.  

2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിനോട് തോറ്റ ശേഷം ഷീല സജീവ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് ദല്‍ഹി ഘടകം നേതൃസ്ഥാനത്ത് നിന്ന് മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍  ദിവസങ്ങള്‍ക്ക് മുമ്പ് രാജി വെച്ചിരുന്നു. 

54 കാരനായ അജയ് മാക്കന്‍ ആരോഗ്യകാരണങ്ങളാലാണ് രാജി സമര്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പക്ഷെ, അജയ് മാക്കന്‍ ഉടനെ ഏതെങ്കിലും തന്ത്രപ്രധാനമായ പദവിയില്‍ നിയമിക്കപ്പെടുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് വര്‍ഷം മൂമ്പാണ് അജയ് മാക്കന്‍ ദല്‍ഹി കോണ്‍ഗ്രസിന്റെ അധ്യക്ഷനായി ചുമതലയേറ്റത്. 2014 ല്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയത്തെത്തുടര്‍ന്നായിരുന്നു ഇത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും മുഖ്യ ജോലി അജയ് മാക്കനെ പാര്‍ട്ടി ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ട്. അദ്ദേഹം ഉത്തരേന്ത്യയില്‍ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് നേരിടാനും സാധ്യതയുണ്ട്.ദല്‍ഹി അധ്യക്ഷനും പാര്‍ട്ടി നേതൃത്വവും തമ്മില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നത് സംബന്ധമായി കടുത്ത ഭിന്നതകള്‍ നില നില്‍ക്കുന്നുണ്ട്. കേന്ദ്ര നേതൃത്വം സഖ്യത്തിന്റെ സാധ്യത അന്വേഷിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയുമായി യാതൊരു തരത്തിലുളള സഖ്യവും ആവശ്യമില്ലെന്ന നിലാപാടാണ് അജയ് മാക്കന്റേത്.

Latest News