ന്യൂദല്‍ഹി- സ്വവര്‍ഗ ലൈംഗികത സൈന്യത്തില്‍ അനുവദിക്കില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വവര്‍ഗ ലൈംഗികതയെ കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധിയെ കുറിച്ചുള്ള ചോദ്യത്തിനാണ് ജനറല്‍ റാവത്തിന്റെ പ്രതികരണം. ലൈംഗികതയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സൈന്യത്തിന് വ്യക്തമായ നിയമങ്ങള്‍ ഉണ്ടെന്നും അത് കര്‍ശനമായി പാലിക്കണമെന്നും റാവത്ത് പറഞ്ഞു.
രാജ്യത്തിന്റെ നിയമത്തിന് മുകളിലല്ല സൈന്യം. എന്നാല്‍, സൈനികര്‍ക്ക് മറ്റു പൗരന്‍മാര്‍ക്ക് കിട്ടുന്ന എല്ലാ അവകാശങ്ങളും ലഭിക്കണമെന്നില്ല. ചില കാര്യങ്ങള്‍ സൈന്യത്തില്‍ വ്യത്യസ്തമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് നാട്ടിലെ കുടുംബത്തെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടാകാന്‍ പാടില്ല. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള കെണിയില്‍ പെടാതിരിക്കാന്‍ സൈനികര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ചോദ്യത്തിനു മറുപടി നല്‍കി.