Sorry, you need to enable JavaScript to visit this website.

സാമ്പത്തിക സംവരണം കോടതി കയറുന്നു; ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂദല്‍ഹി- മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ രംഗത്തും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന് പാര്‍ലമെന്റ് പാസാക്കിയ ബില്ലിന്റെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. കാര്യമായ ചര്‍ച്ചകളൊന്നും നടക്കാതെ അപ്രതീക്ഷിതമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയ സാമ്പത്തിക സംവരണ ബില്‍ ഭരണഘടനയുടെ അടിസ്ഥാന സവിശേഷത ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സുപ്രീം കോടതി നിശ്ചയിച്ച 50 ശതമാനമെന്ന പരിധിക്കു മുകളില്‍ സംവരണം കൊണ്ടു വരുന്നതിന് ഭരണഘടന ദേദഗതി ബില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഭൂരിപക്ഷത്തോടെ പാസാക്കിയത്. 

ഭരണഘടനയുടെ 15, 16 വകുപ്പുകളില്‍ ഭേദഗതി വരുത്തി കൂട്ടിച്ചേര്‍ക്കല്‍ നടത്തുന്ന ബില്ല് പല നിലയിലും ഭരണഘടനാ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക നില ഒരിക്കലും സംവരണത്തിന്റെ അടിസ്ഥാനമായി പരിഗണിക്കാനാവില്ലെന്ന് 1992ലെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഹര്‍ജി വ്യക്തമാക്കുന്നു. മൗലിക അവകാശങ്ങളില്‍പ്പെട്ട തുല്യതക്കുള്ള അവകാശത്തിനെതിരാണെന്നതിനാല്‍ സാമ്പത്തിക സംവരണം മുന്നാക്കക്കാര്‍ക്കു മാത്രം ബാധമാകുതന്നല്ലെന്നും മറ്റൊരു വിധി ചൂണ്ടിക്കാട്ടി ഹര്‍ജിയില്‍ പറയുന്നുണ്ട്. 

തിടുക്കപ്പെട്ട് കൊണ്ടുവന്ന ബില്ലായിരുന്നിട്ടും മിക്ക പാര്‍ട്ടികളും ഇതിനെ അനൂകൂലിച്ചിരുന്നു. മേല്‍ജാതിക്കാര്‍ക്ക് ഗുണമാകുന്ന ഈ ബില്ല് സൂക്ഷ്മ പരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ്, ആര്‍ജെഡി, ഡിഎംകെ, ഇടതു പാര്‍ട്ടികളുടെ ആവശ്യം രാജ്യസഭ തള്ളിയിരുന്നു. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം സംബന്ധിച്ചായതിനാല്‍ ഈ ബില്‍ കോടതി ഉത്തരവിന്റെ ലംഘനമല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. പുതിയ നിയമം വരുമാനം അടിസ്ഥാനമാക്കിയുള്ള സംവരണം നടപ്പിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.
 

Latest News