മീറത്ത്- ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പശുവിന്റെ പേരില്‍ ആക്രമണത്തിനിറങ്ങി പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിംഗ്, സുമിത് കുമാര്‍ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. ബി.ജെ.പി യുവജനവിഭാഗം നേതാവ് ശിഖര്‍ അഗര്‍വാളാണ് അറസ്റ്റിലായത്. ഇയാളെ ഹാപൂരില്‍നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജഹാംഗരീബാദ് പോലീസ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്.
ബുലന്ദ്ശഹറിലെ സിയാനയില്‍ ചിംഗ്രാവതി പോലീസ് സ്‌റ്റേഷനും വാഹനങ്ങള്‍ക്കും തീയിടാനും നേരത്തെ ദാദ്രി കൊലക്കേസ് അന്വേഷിച്ച് ഹിന്ദുത്വ വാദികളുടെ നോട്ടപ്പുള്ളിയായി മാറിയ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താനും അഗര്‍വാളാണ് നിര്‍ദേശം നല്‍കിയിരുന്നത്.
താന്‍ നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ടെലിവിഷന്‍ ചാനലുകള്‍ക്ക് അഭിമുഖം നല്‍കുകയും ചെയ്ത ഇയാളെ പിടികൂടാന്‍ പോലീസിന് ഒരു മാസത്തിലേറെ വേണ്ടിവന്നു. ബജ്‌റംഗ് ദള്‍ നേതാവ് യോഗേശ് രാജ്, പോലീസ് ഉദ്യോഗസ്ഥനു നേരെ നിറയൊഴിച്ച പ്രശാന്ത് നാഥ്, നിറയൊഴിക്കുന്നതിനു മുമ്പ് സുബോധിനെ മഴു കൊണ്ട് വെട്ടിയ കലുവ എന്നിവരടക്കം 34 പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. മഴു കണ്ടെത്തിയെങ്കിലും നിറയൊഴിച്ച തോക്ക് ഇനിയും കണ്ടെത്താനായിട്ടില്ല.
മിക്ക പ്രതികളും ജയിലിലായിരിക്കെ, ഇനി തോക്ക് കണ്ടെത്തുകയാണ് പോലീസിനു മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് മീറത്ത് സോണ്‍ എ.ഡി.ജി പ്രശാന്ത് കുമാര്‍ പറഞ്ഞു.
സിയാനയിലെ മഹാവ് ഗ്രാമത്തില്‍ മൂന്ന് പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഡിസംബര്‍ മൂന്നിന് ജനക്കൂട്ടത്തെ ഇളക്കിവിട്ടത്. ഹിന്ദുത്വ സംഘടനകള്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ ട്രാക്ടറില്‍ കയറ്റി പോലീസ് സ്‌റ്റേഷനു മുന്നിലെക്ക് കൊണ്ടുവരികയായിരുന്നു.
പ്രദേശത്ത് തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനം നടന്ന ദിവസമായിരുന്നു സംഭവം.